കണ്ണൂര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എബിനും ലിബിനും കുടങ്ങിയതിനു പിന്നില്‍ വ്ളോഗര്‍മാരുടെ കുടിപ്പക എന്ന് റിപ്പോര്‍ട്ട്. ട്രാവല്‍ വ്ളോഗ് ചെയ്യുന്ന മറ്റൊരു സംഘം വ്ളോഗര്‍മാര്‍ ആണ് വാഹനത്തിന്റെ മോഡിഫിക്കേഷന്‍ അടക്കമുള്ള നിരവധി നിയമലംഘനങ്ങളുടെ തെളിവുകള്‍ ഗതാഗത വകുപ്പിന് എത്തിച്ചു നല്‍കിയതെന്നാണ് സൂചന.
അടുത്തിടെയായി ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്. പരാതികള്‍ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ എബിനും ലിബിനും റിമാന്‍ഡിലാണ്.
ഇ ബുള്‍ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാനാണ് തീരുമാനം. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്.
ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.