തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കോൺഗ്രസ്, ബിജെപി, ലീഗ് പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്‍റെ തെളിവാണെന്ന് ഡിവൈഎഫ്ഐ. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തിയാണ് ആക്രമിക്കാൻ ശ്രമം നടക്കുന്നത്. ഇത് ആസൂത്രിതമാണ്.
ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബർ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു. ഗവേഷണ സമയത്തു യുവജന കമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാൽ ജെആർഎഫ് ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റിയിരുന്നില്ല. പാർട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു. തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവർ പൂർത്തിയാക്കിയത്.
യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആർഎഫ് കരസ്ഥമാക്കി ഇംഗ്ലീഷിൽ ഗവേഷണം പൂർത്തിയാക്കിയത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ്. എന്നാൽ, അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്. ഇത് അംഗീകരിക്കാനാകില്ല.
കൽപ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുൻപും സൈബർ അക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാർഹമാണ്. സമീപ കാലത്തു ചില കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.