ചതയദിനത്തില്‍ മദ്യം നല്‍കിയില്ല; ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കള്‍ ചേര്‍ന്ന് ബാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷം 22,000 രൂപ കവര്‍ന്നതായി പരാതി
തൊടുപുഴ: ചതയദിനത്തില്‍ അദ്ധരാത്രി മദ്യം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കള്‍ ബാര്‍ഹോട്ടല്‍ റിസിപ്ഷനിസ്റ്റിനെ മര്‍ദ്ദിക്കുകയും പോക്കറ്റില്‍ ഉണ്ടായിരുന്ന പണം കവരുകയും ചെയ്തതായി പരാതി. എസ്എഫ്‌ഐ തൊടുപുഴ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുതലക്കോടം മേഖല കമ്മിറ്റി ജോ. സെക്രട്ടറിയുമായ മാത്യൂസ് കൊല്ലപ്പിള്ളിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.
തൊടുപുഴയിലെ ബാര്‍ ഹോട്ടലില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട നാലംഗസംഘം അക്രമം നടത്തുന്നതിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇടുക്കി റോഡിലുള്ള സിസിലിയ ഹോട്ടലിലായിരുന്നു അക്രമവും പണാപഹരണവും നടത്തിയത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെ ബാര്‍ ഹോട്ടലില്‍ എത്തിയ നാലംഗസംഘം വാതിലില്‍ മുട്ടുന്നതു കേട്ട് റിസപ്ഷനിസ്റ്റ് ബോണി വാതില്‍ തുറന്നു. അതോടെ ഇവര്‍ മദ്യം വേണമെന്നു സംഘം ആവശ്യപ്പെട്ടു.
ഈ സമയത്ത് മദ്യം വിതരണം ചെയ്യാനാകില്ലെന്ന് റിസിപ്ഷനിസ്റ്റ് നിലപാട് എടുത്തതോടെ നാലംഗ സംഘം റിസപ്ഷനിസ്റ്റിനെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയായിരുന്നു. തുടര്‍ന്നു പിടിച്ചുവച്ചു മര്‍ദിക്കുകയും ബോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം കൈക്കലാക്കുകയും ചെയ്തു. പോക്കറ്റില്‍ ഉണ്ടായിരുന്ന 22,000 രൂപ സംഘം എടുത്തു കൊണ്ടു പോയെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവില്‍ പോയിരിക്കുന്ന പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. അതേസമയം കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതായാണ് സൂചന. എന്നാല്‍ കേസുമായി മുന്നോട്ടു പോകാനാണ് ബാര്‍ ജീവനക്കാരന്റെ തീരുമാനമെന്നറിയുന്നു. കേസ് ഒഴിവാക്കാന്‍ രാത്രിയും മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.