‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’; മെഡിക്കല്‍ കോളേജി ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണ പരിപാടിക്ക് തുടക്കമായി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ആരംഭിച്ചു. ഇതിനോപ്പം ‘ജീവാര്‍പ്പണം’ എന്ന പേരില്‍ മെഡിക്കല്‍ കോളേജിലെ രക്തബാങ്കിലേക്ക് പ്രവര്‍ത്തകര്‍ എല്ലാ ദിവസവും രക്തം നല്‍കുകയും ചെയ്യും. ‘ഹൃദയപൂര്‍വം’ പരിപാടി സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും, ‘ജീവാര്‍പ്പണം’ അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എയും ഉദ്ഘാടനം ചെയ്തു.
ഇന്ന് ആര്‍പ്പൂക്കര മേഖലാ കമ്മിറ്റിയാണ് പൊതിച്ചോര്‍ നല്‍കിയത്. ജില്ലയിലെ 117 മേഖലാ കമ്മിറ്റികള്‍ ഊഴംവച്ച് ഓരോ ദിവസവും ഭക്ഷണം എത്തിക്കും. ചുരുങ്ങിയത് 1500 പൊതിച്ചോറുകള്‍ നല്‍കും. ഓരോ മേഖലാ കമ്മിറ്റികളും അവര്‍ക്ക് നിശ്ചയിച്ച ദിവസത്തിന് മുന്നേ വീടുകള്‍ സന്ദര്‍ശിച്ച് പൊതിച്ചോറുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിക്കും. നിശ്ചയിച്ച ദിവസം രാവിലെ ഇവ വീടുകളിലെത്തി ശേഖരിച്ച് അവ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിതരണം ചെയ്യും. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി വാഴയിലയിലാണ് ഭക്ഷണം നല്‍കുക. ജീവാര്‍പ്പണത്തില്‍ ഒരു ദിവസം ഒരു മേഖലാ കമ്മിറ്റിയില്‍ നിന്ന് 15 പേര്‍ രക്ത ബാങ്കിലേക്ക് രക്തം നല്‍കും.