ഹൈദരാബാദ്:അഭിനയത്തോടൊപ്പം ചടുലവും മനോഹരവുമായ നൃത്തച്ചുവടുകളാല്‍ ആരാധകരെ നേടിയെടുത്ത താരമാണ് സായ്പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ വന്ന് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ പ്രേക്ഷക ഇഷ്ടം ലഭിച്ച നടി. തന്റെ ആദ്യ നൃത്തത്തെ കുറിച്ചും ഡാന്‍സ് റിയാലിറ്റി ഷോകളെ കുറിച്ചും മനസുതുറയ്ക്കുകയാണ് സായ് പല്ലവി.
സോണി ലിവ്-ലെ ‘നിജം വിത്ത് സ്മിത’ എന്ന ചാറ്റ് ഷോയിലാണ് താരം കുട്ടിക്കാലത്തെ നൃത്താനുഭവങ്ങള്‍ പങ്കുവെച്ചത്. ആദ്യമായി ഡാന്‍സ് കളിക്കുന്നതിനിടെ പകുതിക്ക്‌വെച്ച് സ്‌റ്റേജില്‍ നിന്ന് ഇറങ്ങി വന്ന് കരഞ്ഞിട്ടുണ്ടെന്നും അമ്മയാണ് തന്നിലെ നര്‍ത്തകിയെ തിരിച്ചറിഞ്ഞതെന്നും സായ് പല്ലവി പറയുന്നു.
‘എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ അമ്മയാണ് എന്നെ ഡാന്‍സ് മത്സരത്തിന് കൊണ്ടുപോയത്. ഇന്റര്‍സ്‌കൂള്‍ മത്സരമായിരുന്നു അത്. ദില്‍ തോ പാഗല്‍ ഹേ എന്ന പാട്ടിനൊപ്പം ഞാന്‍ ആദ്യമായി ചുവടുവെച്ചു. അന്ന് എന്റേത് ബോയ്കട്ട് മുടിയായിരുന്നു. നീളന്‍ മുടിയാണെന്ന് തോന്നിപ്പിക്കാന്‍ മേക്കപ്പ് മാന്‍ ഒരു ഷോള്‍ കൂടി മുടിയോട് ചേര്‍ത്ത് പിന്‍ ചെയ്തുവെച്ചു. അത് എനിക്ക് ആകെ അസ്വസ്ഥതയുണ്ടാക്കി. നൃത്തം ചെയ്യുന്നതിനിടെ ഞാന്‍ സ്റ്റേജില്‍ നിന്ന് ഓടിയിറങ്ങിപ്പോയി കരഞ്ഞു.’ -സായ് പല്ലവി പറയുന്നു.
അമ്മയുടെ വയറ്റില്‍ കിടക്കുമ്പോഴേ ഡാന്‍സായിരുന്നുവെന്ന് അമ്മ പറയാറുണ്ട് . കുട്ടിക്കാലത്ത് അമ്മ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും ഡാന്‍സ് ചെയ്യുന്ന വീഡിയോ സ്ഥിരമായി കാണിച്ചുതരുമായിരുന്നു. അതുകണ്ടാണ് ചുവടുകള്‍വെയ്ക്കാന്‍ തുടങ്ങിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
റിയാലിറ്റി ഷോകള്‍ തന്നെ ഭയപ്പെടുത്തുന്നുവെന്നും സായ് പല്ലവി പറയുന്നു. ‘ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ‘ഉങ്കളില്‍ യാര് അടുത്ത പ്രഭു ദേവ’ എന്ന റിയാലിറ്റി ഷോയില്‍ ഞാന്‍ മത്സരിച്ചു. അതായിരുന്നു ആദ്യ ഷോ. അന്ന് എനിക്ക് 16 വയസ്സ് ആയിരുന്നു പ്രായം. ഒരു ദിവസം നാല് എപ്പിസോഡുകള്‍ ഷൂട്ട് ചെയ്യുമായിരുന്നു. നമ്മള്‍ ആകെ ക്ഷീണിച്ചുപോകും.
സാധാരണ എല്ലാവരുടേയും മുന്നില്‍ നൃത്തം ചെയ്യുമ്പോള്‍ എല്ലാ തളര്‍ച്ചയും മറക്കും. അവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ സന്തോഷമാകും. ആസ്വദിച്ച് നൃത്തം ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ റിയാലിറ്റി ഷോകള്‍ എനിക്ക് പേടിയാണ്. ആളുകള്‍ നിരീക്ഷിക്കുകയും നമുക്ക് മാര്‍ക്കിടുകയും ചെയ്യുമ്പോള്‍ നമ്മുടെ മാനസികാവസ്ഥ മാറും.
ഞാന്‍ സ്‌റ്റെപ്പ് മറന്നുപോയതോടെ ആ ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം അതേ വേദിയില്‍ പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ ഞങ്ങള്‍ ഡാന്‍സ് ചെയ്തു.’-സായ് പല്ലവി പറയുന്നു.