മുംബൈ: ഐപിഎല്ലിലെ അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിനെതിരെ ബിസിസിഐ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതാണ് വിവാദമായത്. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം (ACSU) ഭിന്ദറിന് നോട്ടീസ് നൽകി. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഐപിഎൽ നിയമപ്രകാരം കളിക്കാർക്കോ ഒഫീഷ്യലുകൾക്കോ ഡഗൗട്ടിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഈ നടപടി.
രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം ഡഗൗട്ടിലിരുന്ന ഭിന്ദർ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഉൾപ്പെടെയുള്ളവർ സംഭവത്തിൽ കടുത്ത നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ചട്ടലംഘനം ഗൗരവകരമാണെന്നും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എസിഎസ്‌യുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐപിഎൽ ഗവേണിംഗ് കൗൺസിൽ ചെയർമാൻ അരുൺ ധുമൽ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ടൂർണമെന്റിന്റെ സുതാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, ഭിന്ദറിന്റെ ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന അദ്ദേഹം, ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് ഡ്രസ്സിംഗ് റൂമിലേക്ക് പോകാതെ ഡഗൗട്ടിലിരുന്ന് ഫോൺ ഉപയോഗിച്ചതെന്നാണ് സൂചന. സാധാരണ നിലയിൽ ഫോൺ ഉപയോഗിക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് പോകേണ്ടതുണ്ട്. മെഡിക്കൽ കാരണങ്ങളാൽ ഫോൺ കൈവശം വെക്കാൻ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലിരുന്ന് ഉപയോഗിക്കാൻ ഇളവുകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം.
ഭിന്ദർ ഫോൺ കോളുകൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വെറുതെ സ്ക്രോൾ ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ചട്ടങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണെന്നും ആരോഗ്യപരമായ സാഹചര്യം പരിഗണിച്ച് അധികൃതർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഭിന്ദർ നൽകുന്ന വിശദീകരണം അന്വേഷണത്തിൽ നിർണ്ണായകമാകും. അഴിമതി വിരുദ്ധ ചട്ടങ്ങൾ കർശനമായി പാലിക്കുന്ന ബിസിസിഐയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുകയാണ്.
BCCI’s Anti-Corruption Unit (ACSU) has launched an investigation into Rajasthan Royals team manager Romi Bhinder for allegedly violating anti-corruption protocols by using a mobile phone in the dugout during a match against RCB. While use of electronic devices is strictly prohibited in the dugout, sources close to the team cited medical reasons for Bhinder’s action, stating he was recovering from respiratory issues. An official notice has been served, requiring a formal explanation within 48 hours.

