കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അരൂരിലെ ഡി.എസ്.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന നടി പ്രിയങ്ക അനൂപ്. സ്ഥാനാര്‍ഥിയാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എ ആക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നല്‍കിയത്. വിവാദ ദല്ലാള്‍ നന്ദകുമാറാണ് മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
കുണ്ടറയിലെ ഡിഎസ്‌ജെപി സ്ഥാനാര്‍ഥിയായിരുന്ന ഷിജു എം. വര്‍ഗീസിന്റെ വാഹനത്തിന് നേരേ ബോംബേറ് നാടകം നടത്തിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായതാണ് പ്രിയങ്ക. ബോംബേറ് നാടകത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നറിയാനാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്.
നിയമസഭ തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ചയാണ് ഷിജുവിന്റെ കാറിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവം നാടകമാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിജു വര്‍ഗീസ് ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റിലായി.
വെണ്ണലയിലെ തന്റെ വീടിനടുത്തുള്ള മഹാദേവ ക്ഷേത്ര ഭാരവാഹിയായ നന്ദകുമാറിനെ ക്ഷേത്രത്തില്‍ വെച്ചു കണ്ടുള്ള പരിചയമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. ഷിജു എം. വര്‍ഗീസുമായി യാതൊരു ബന്ധവുമില്ലെന്നും ചില കമ്മിറ്റികളില്‍ കണ്ടിട്ടുണ്ടെന്നും നടി പൊലീസിനോട് പറഞ്ഞു.