തൃശൂര്‍: കേരളാ പോലീസിന് നാണക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്ത്. തൃശൂര്‍ കണ്ണാറയില്‍ മദ്യപിച്ച് എ.എസ്.ഐ ഓടിച്ച കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചശേഷം നിര്‍ത്താതെപോയി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മലപ്പുറം പോലീസ് ക്യാംപിലെ എ.എസ്.ഐ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്.
കണ്ണാറയില്‍വച്ച് ബൈക്കില്‍ ഇടിച്ചശേഷം കാര്‍ ഒരു കിലോമീറ്റര്‍ നിര്‍ത്താതെ പോയി.
പിന്നാലെ നാട്ടുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാര്‍ വരുന്നതും ബൈക്കില്‍ ഇടിക്കുന്നതും നാട്ടുകാരില്‍ പലരും കണ്ടിരുന്നു. തെറ്റായ ദിശയിലാണ് കാര്‍ പാഞ്ഞു വന്നതെന്ന് നാട്ടുകാര്‍ പറയുന്നു.ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. പട്ടികാട് വച്ചാണ് എഎസ്‌ഐയേയും സംഘത്തേയും നാട്ടുകാര്‍ പിടികൂടിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന് കാര്യമായ തകരാറുകള്‍ സംഭവച്ചിരുന്നു. വാഹനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.
ഇവരെ തടഞ്ഞു വച്ച ശേഷം നാട്ടുകാര്‍ പൊലീസിനെ വിവരമിറിയിച്ചു. പിന്നാലെ സിറ്റി പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.എഎസ്‌ഐ പ്രശാന്താണ് മദ്യപിച്ച് വണ്ടിയോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നാലെ പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രശാന്തിനൊപ്പം മൂന്ന് സുഹൃത്തുക്കളുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും വാഹനാപകടം ഉണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതിമാര്‍ക്കാണ് പരിക്കേറ്റത്. ചെമ്പൂത്ര തെക്കത്തുവളപ്പില്‍ ലിജിത്ത് (24), ഭാര്യ കാവ്യ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരുടെയും കാലുകള്‍ തകര്‍ന്നു.