ലഹരി പാര്‍ട്ടിക്കിടെ അടിപിടി, മക്കളടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിലും ഭീഷണിയിലും ഭയന്ന് മാതാവ്; അന്വേഷിക്കാനെത്തിയ പൊലീസിനെ തല്ലി ഗുണ്ടാ സംഘം

തൃശ്ശൂര്‍ : മണ്ണുത്തി നെല്ലങ്കരയില്‍ പിറന്നാളാഘോഷിക്കാന്‍ ഒത്തുകൂടിയ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പിള്ളി നഗറില്‍ അല്‍ത്താഫ്, അഹദ് എന്നിവരുടെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളായ ഗുണ്ടകള്‍ എത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇവരുടെ മാതാവ് ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത ഒഴിഞ്ഞ വീട്ടില്‍ ചെന്ന് ആഘോഷം ആരംഭിച്ചു. ആഘോഷത്തിനിടെ സംഘാംഗങ്ങള്‍ പരസ്പരം തല്ലുണ്ടായി. തുടര്‍ന്ന് പുലര്‍ച്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തിയ അല്‍ത്താഫ്, അഹദ് എന്നിവര്‍ മാതാവിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് മാതാവ് വിവരമറിയിക്കുകയും മണ്ണുത്തി പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു.

ആദ്യം പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ലഹരി ഉപയോഗം മൂലം മക്കള്‍ ആക്രമിക്കുമെന്ന് ഭയം ഉണ്ടെന്ന് മാതാവ് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ സമയം മറഞ്ഞിരുന്ന മറ്റു ഗുണ്ടകള്‍ സ്ഥലത്തെത്തി പോലീസിനെ ആക്രമിക്കുകയുമായിരുന്നു. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.

സംഭവത്തില്‍ ആറു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് കൊലക്കേസില്‍ പ്രതിയായ ബ്രഹ്‌മജിത്ത് ഉള്‍പ്പെടെയാണ് പിടിയിലായത്. മൂന്ന് നില വീട് കേന്ദ്രീകരിച്ച് ലഹരി സംഘം ക്ലബ്ബ് നടത്തിയിരുന്നുവെന്നും, 30ഓളം പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.3 പൊലീസ് ജീപ്പുകളാണ് അക്രമികള്‍ തകര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റ 4 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News