റിയാദ്: സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രധാന എണ്ണ സംസ്‌കരണ ശാലയില്‍ സ്ഫോടനവും തീപിടിത്തവും. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്‌ഫോടനവും തീപിടിത്തവുമുണ്ടായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീയണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. തീ നിയന്ത്രണ വിധേയമാണെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു.
പുലര്‍ച്ചെ നാലോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ സൗദി സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. നേരത്തെ ഹൂതി വിമതര്‍ സമാനമായ ആക്രമണം നടത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണിത്. സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം എണ്ണയും ഇവിടെയാണ് സംസ്‌കരിക്കുന്നത്. നാശനഷ്ടം സംബന്ധിച്ചും വ്യക്തതയില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്.