സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വാസ്ഥ്യം,ഏറ്റുമാനൂരിൽ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ സ്വകാര്യ ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി.

ബസിലുണ്ടായിരുന്ന യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിറവം കോട്ടയം റൂട്ടിൽ ഓടുന്ന ജയ് മേരി ബസാണ് അപകടത്തിൽ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂർണമായി തകർന്നു.

കടയിൽ ആളില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. ഇന്ന് രാവിലെ 10.50 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാകുന്ന സമീപത്തെ സിസിടിവി ദൃശ്യം പുറത്തുവന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം.

ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് വ്യക്തമായ വിവരം ഇദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News