കോട്ടയം: ചങ്ങനാശേരി കൊലപാതകത്തിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മാങ്ങാനം സ്വദേശികളായ ബിപിൻ, ബിനോയ് എന്നിവർ പിടിയിലായത് കോയമ്പത്തൂരിൽ നിന്ന്. പ്രതികളെ അൽപസമയത്തിനകം ചങ്ങനാശേരിയിൽ എത്തിക്കും. ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ കേസിലെ പ്രധാന പ്രതിയായ മുത്തുകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്ക് ഇയാളെ സഹായിച്ച കൂട്ടുപ്രതികളായ ബിപിൻ, ബിനോയ് എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.
ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളിൽ കുഴിച്ചിട്ടത്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു.