പോലീസ് വലയം ഭേദിച്ച് കരണത്തടിച്ചു, കത്തിക്ക് വെട്ടാനും ശ്രമം; അര്‍ജുനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നടന്നത് നാടകീയ രംഗങ്ങള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രതിയായ അര്‍ജുനെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

പ്രതിയെ കണ്ട് പൊട്ടിത്തെറിച്ച നാട്ടുകാര്‍ ഉച്ചത്തില്‍ ചീത്തവിളിച്ചു. പ്രതിയെ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. എന്നാല്‍, ഇതിനിടെ നാട്ടുകാരിലൊരാള്‍ അര്‍ജുന്റെ കരണത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാംതവണയാണ് പ്രതിയുമായി പോലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പിനായി എത്തുന്നത്. അതേസമയം നേരത്തെയും തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരാവുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇത്തവണയും കനത്ത പോലീസ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ നിയന്ത്രണം നഷ്ടമായ നാട്ടുകാര്‍ പോലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് നടന്നത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അര്‍ജുന്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നതെന്നും ശേഷം വീടിന്റെ ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു. ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പില്‍ പ്രതി ഇതെല്ലാം അന്വേഷണ സംഘത്തിന് മുന്നില്‍ വിവരിച്ചു.

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ പ്രതി മറ്റുപെണ്‍കുട്ടികളെയും ഇത്തരത്തില്‍ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News