പാലക്കാട്:നിയമ വ്യവസ്ഥയിൽ കൂറുമാറിയ സാക്ഷികളെ പുനർവിസ്താരം ചെയ്യുന്നത് അപൂർവമാണ്. ആ സാക്ഷികൾ പ്രോസിക്യൂഷൻ അനുകൂലമായി മൊഴി തിരുത്തി പറുന്നത് അസാധാരണവും. മധു കൊലക്കേസ് വിചാരണയ്ക്കിടെയുള്ള നാടകീയതകൾ തുടരുകയാണ്.
കേസിലെ പതിനെട്ടാം സാക്ഷി കാളി മുപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെയാണ് ഇന്ന് പുനർ വിസ്താരത്തിന് വിളിപ്പിച്ചത്. മുമ്പ് ജൂലൈ 29ന് കാളിയേയും ജൂലൈ 30ന് കക്കിയേയും വിസ്തരിച്ചിരുന്നു. അന്ന് ഇരുവരും കൂറുമാറിയവരാണ്. പൊലീസിന് കൊടുത്ത മൊഴിയാണ് ഇരുവരും അന്ന് തിരുത്തിയത്. ഇതോടെ കൂറുമാറിയവരായി പ്രഖ്യാപിച്ചു. ഇരുവരേയും പുനർവിസ്താരം ചെയ്തപ്പോൾ കഥമാറി.
പത്തൊമ്പതാം സാക്ഷി കക്കി കൂറുമാറ്റത്തിൻ്റെ കഥ പറഞ്ഞു. വിസ്താരത്തിന് വിളിപ്പിച്ച സമയത്ത് പ്രതികൾ ജാമ്യത്തിലായിരുന്നു. എല്ലാ പ്രതികളും നാട്ടുകാരാണ്. അവരെ ഭയന്നാണ് അന്ന് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. കോടതിയിൽ കള്ളം പറയുന്നത് തെറ്റല്ലേ എന്ന് ജഡ്ജ് ചോദിച്ചപ്പോൾ, കക്കി ക്ഷമ ചോദിച്ചു.
പിന്നാലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ മധുവിനെ പിടിച്ച് കൊണ്ടുവരുന്നത് കണ്ടെന്നും, രണ്ടാം പ്രതിയോട് മധു അജമലയിൽ ഉണ്ടെന്ന കാര്യം പങ്കുവച്ചതൊക്കെ കോടതിയിൽ സമ്മതിച്ചു. പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു.
മുമ്പ് കൂറുമാറിയതിൻ്റെ കുറ്റബോധം കൊണ്ടാണ് ഇത്രയും കാലം ജീവിച്ചെന്ന് കക്കി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞങ്ങൾ പാവങ്ങളാണ്, ഉപദ്രവിക്കാനും പ്രയാസപ്പെടുത്താനും ആളേറെയുണ്ടാകും. കൂട്ടത്തിൽ ഒരാളുടെ ജീവൻ പോയപ്പോൾ,
ഒപ്പം നിൽക്കാൻ കഴിഞ്ഞില്ല. അതിൽ ദുഃഖമുണ്ട്, കുറ്റബോധമുണ്ട്. എല്ലാം കോടതിയിൽ ശരിയായ പറഞ്ഞതോടെ,
മനസ്സിന് നല്ല ആശ്വാസമുണ്ടെന്നും കക്കി പറഞ്ഞു. കക്കിയുടെ കണ്ണുകളിലും സംസാരത്തിലും ആശ്വാസം പ്രകടമായിരുന്നു.
പ്രതികൾക്ക് വേണ്ടി നിന്ന തെറ്റ് തിരുത്താൻ കഴിഞ്ഞതിലെ സംതൃപ്തി കക്കിയുടെ മഖത്തും പ്രതിഫലിച്ചു.
ഒക്ടോബർ 20നാണ് കക്കിയുടേയും കാളി മൂപ്പന്റെയും പുനർ വിസ്താരം കോടതി ക്രമീകരിച്ചിരുന്നത്. ഒക്ടോബർ 19ന് രാവിലെ മുതൽ ഇരുവരേയും നാട്ടിൽ നിന്ന് കാണാതായെന്ന് പ്രതിഭാഗം പറഞ്ഞു. വീട്ടിനടുത്തു നിന്ന് ഒരു ഇന്നോവയിൽ കക്കി ആറുമണിയോടെ അട്ടപ്പാടിയിൽ നിന്ന് പോയി. പിന്നാലെ, മണ്ണാർക്കാട്ടെ ഒരു ബാറിൽ വാഹനം എത്തി. അവിടെ കയറിയ ശേഷം, പാലക്കാടേക്ക് പോകുന്ന വഴിക്ക് നെല്ലിപ്പുഴയിൽ വച്ച് കാളി മൂപ്പനും കാറിൽ കയറി. നേരെ പോയത് മധുകേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായ രാജേഷ് എം മേനോൻ്റെ ഓഫീസിലേക്കല്ലേ എന്നും പ്രതിഭാഗം വിശദമായി ചോദിച്ചു. അതെ എന്നായിരുന്നു കക്കിയുടെ മറുപടി. അവിടെ പോയപ്പോൾ എന്താണ് പറഞ്ഞതെന്ന് പ്രതിഭാഗം അഭിഭാഷകനായ ബാബു കാർത്തികേയൻ ചോദിച്ചു.
പൊലീസിന് കൊടുത്ത മൊഴി നാളെ കോടതിയിൽ ആവർത്തിക്കണം എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായ രാജേഷ് എം.മേനോൻ പറഞ്ഞതായി കക്കി മറുപടി നൽകി. കാളിയേയും കക്കിയേയും ഒരുമിച്ച് ഇരുത്തിയാണോ ഇതൊക്കെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ അല്ലെന്നായിരുന്നു മറുപടി. ഇന്നലെ പാലക്കാട് തന്നെ തങ്ങിയെന്നും രാവിലെ പാലക്കാട് നിന്ന് നേരിട്ട് കോടതിയിലേക്ക് വരികയാണുണ്ടായതെന്നും കക്കി കോടതിയിൽ പറഞ്ഞു. വിഷയം പ്രതിഭാഗം വളരെ ഗൌരവത്തോടെ ചോദിച്ചെങ്കിലും പ്രോസിക്യൂട്ടറെ കാണാനല്ലേ സാക്ഷികൾ പോയതെന്ന് ചോദ്യത്തിനുമേൽ പ്രതിഭാഗത്തിൻ്റെ കെട്ടിപ്പൊക്കൽ നിലംപരിശായി. അതേ സമയം സാക്ഷികൾ പൊലീസ് സംരക്ഷണയിലാണ് പോയതെന്ന് സ്ഥാപിക്കുന്നതിലും പ്രതിഭാഗം പരാജയപ്പെട്ടു. കാളിമൂപ്പൻ്റെ പുനർവിസ്താരം അധികനേരുമുണ്ടായില്ല. പ്രോസിക്യൂഷൻ മൊഴിയിലെ ചില ഭാഗങ്ങളിൽ വ്യക്ത വരുത്തുകമാത്രമാണ് ചെയ്തത്.
മധുകൊലക്കേസിൽ റിമാൻഡിലായിരുന്ന 11 പ്രതികൾക്ക് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി ജാമ്യം അനുവദിച്ചു. മധുവിൻ്റെ അമ്മ, സഹോദരിമാൻ എന്നിവരെ കാണരുത്, ഭീഷണിപ്പെടുത്തരുത് എന്നാണ് ജാമ്യ വ്യവസ്ഥ. എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാകണം എന്നും ഉത്തരവിലുണ്ട്. വിസ്തരിച്ച സാക്ഷികളെയോ ഇനി വിസ്തരിക്കാനുള്ളവരെയോ സ്വാധീനിക്കരുത് എന്നും ജാമ്യം നൽകുമ്പോൾ കോടതി ഉപാധിവച്ചു.
മുമ്പ് സാക്ഷികളെ നേരിട്ടും ഇടനിലക്കാർ മുഖേനെയും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തിയതോടെയാണ് മണ്ണാർക്കാട് എസ് സി എസ്ടി കോടതി 12 പ്രതികളുടെ ജാമ്യം ഓഗസറ്റ് 20ന് റദ്ദാക്കിയത് . ഹൈക്കോടതിയിൽ അപ്പീൽ പോയപ്പോൾ, 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സെപ്തംബർ 19ന് ഹൈക്കോടതി ശരിവച്ചു.
പതിനൊന്നാം പ്രതി കരീമിൻ്റെ ജാമ്യം റദ്ദാക്കാൻ മതിയായ കാരണമില്ലെന്ന് കാട്ടി ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. കേസിലാകെ 16 പ്രതികളും 122 സാക്ഷികളുമാണ് ഉള്ളത്. ഇന്ന് വിസ്തരിച്ച നാല് ഒഫീഷ്യൽ സാക്ഷികളും പ്രോസിക്യൂൻ അനുകൂലമായി തന്നെ മൊഴി നൽകി. ഒക്ടോബർ 25നാണ് ഇനി കേസിൽ വിസ്താരം നടക്കുക.