27.8 C
Kottayam
Wednesday, May 29, 2024

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകിയ്ക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടി, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

Must read

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി സന്ദീപ്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. നേരത്തെ സസ്പെൻഷനിലായിരുന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം.

ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന  സർക്കാരിനോട് കോടതി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week