അമ്പലപ്പുഴ: അഭിഭാഷകവൃത്തി സ്വപ്നം കണ്ട ടിന്റോ കുഞ്ഞുമോന്‍ അമ്മയുടെ ആഗ്രഹത്തിനും സ്വപ്നത്തിനും മുന്‍തൂക്കം നല്‍കി ഡോക്ടറായി. ടിന്റോ ജനിച്ച അതേ ആശുപത്രിയിലാണ് ഡോക്ടറായി സേവനം അനുഷ്ടിക്കുന്നത്. നഴ്സായി അമ്മ അമ്പിളിയും കൂടെയുണ്ട്. തോട്ടപ്പള്ളി മാത്തേരി ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരുമിപ്പോള്‍.
1992 ഡിസംബര്‍ 12ന് ടിന്റോ ജനിച്ചത്. ടിന്റോയ്ക്ക് 8 വയസ്സുള്ളപ്പോഴാണ് അമ്പിളി ആശുപത്രിയില്‍ ജോലിക്കെത്തുന്നത്. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസറായി വിരമിച്ച ഡോ.ഐ.എം.ഇസ്ലാഹിന്റെ ഉടമസ്ഥതയിലുള്ളതാണു മാത്തേരി ആശുപത്രി. ഡോ.ഇസ്ലാഹിന്റെ കുടുംബത്തില്‍ 30 ഡോക്ടര്‍മാരുണ്ട്. ജോലിക്കിടയിലാണ് ഡോക്ടര്‍മാരോടുള്ള സമൂഹത്തിന്റെ ബഹുമാനം അമ്പിളി തിരിച്ചറിഞ്ഞത്.
ഇതോടെ പഠനത്തില്‍ മിടുക്കനായ മകനെ ഡോക്ടര്‍ ആക്കണമെന്ന ആഗ്രഹം അമ്പിളിയുടെ മനസിലുദിച്ചു. അമ്പിളിയും അന്നു ഡ്രൈവറായിരുന്ന ഭര്‍ത്താവ് സി.കുഞ്ഞിമോനും ചേര്‍ന്ന് ഉള്ളതെല്ലാം സ്വരുക്കൂട്ടി മകനെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്നപ്പോള്‍ വക്കീല്‍ ആകണമെന്നതായി മകന്‍ ടിന്റോയുടെ മനസില്‍. എന്നാല്‍, അമ്മയുടെ ഉള്ളിലെ ആഗ്രഹത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ ടിന്റോ പിന്നീട് ഡോക്ടറാകാനായി പ്രയത്നിച്ചു.
2012ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ വിജയിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടി. ലോണെടുത്തും കടം വാങ്ങിയും അമ്പിളി മകനെ പഠിപ്പിച്ചു. എന്നാല്‍ അപ്പോഴും മകനോടൊപ്പം ഒരേ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല എന്ന് അമ്പിളി പറയുന്നു.
2020ല്‍ ആണ് ടിന്റോ മാത്തേരി ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ടിന്റോയുടെ സഹോദരി ദിയ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജില്‍ ബിരുദവിദ്യാര്‍ഥിനിയാണ്. കുഞ്ഞുമോന്‍ തോട്ടപ്പള്ളിയില്‍ ഹോട്ടല്‍ നടത്തി വരികയാണ്. മെഡിക്കല്‍ കോളജിലെ പഠനകാലത്ത് ജൂനിയര്‍ ആയിരുന്ന ഡോ. ആരഭിയാണ് ടിന്റോയുടെ ജീവിതത്തിലെ കൂട്ട്.