തിരുവനന്തപുരം : അഞ്ചൂറ് പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംനാ അസീസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇടത് അനുഭാവി കൂടിയായ ഡോക്ടറുടെ വിയോജന കുറിപ്പ്. അഞ്ഞൂറ് പേരെ സത്യപ്രതിജ്ഞക്ക് കൂട്ടുന്നുണ്ട് പോലും.! എന്തിന്റെ പേരിലാണെങ്കിലും ശരികേടാണത്. ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ്. കൊണ്ട് നടന്നതും കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന ഗതിയാവുന്നല്ലോ.കഷ്ടം തന്നെ.! ഷിംന അസീസ് പറഞ്ഞു.
സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്ഷണിക്കപ്പെട്ട 500 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിയുള്ളത്. അതേസമയം ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ വലിയ വിമർശനമുയർത്തുന്നുണ്ട്. നേരത്തെ ഇടതുമുന്നണി നേതാക്കൾ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത് ട്രിപ്പിൾ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നു.