തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാനയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഡോക്ടറുടെ കുടുംബം ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് വെളിപ്പെടുത്തി. ഷഹാനയുടെ ഉമ്മയുടെ മൊഴി മെഡിക്കല്‍ കോളജ് പൊലീസ് ഉടനെ രേഖപ്പെടുത്തുമെന്നും, കമ്മിഷനോട് പറഞ്ഞ കാര്യങ്ങള്‍ പൊലീസിനു മൊഴിയായി നല്‍കിയാല്‍ കേസുമായി മുന്നോട്ടു പോകാനാകുമെന്നും വെഞ്ഞാറമൂട്ടിലെ വീടു സന്ദര്‍ശിച്ചശേഷം കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി.
സഹോദരന്റെ മൊഴി മാത്രമാണ് നിലവില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധന വിഷയത്തില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് താമസ സ്ഥലത്ത് ഷഹാനയെ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ച് ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്.
”വിവാഹ ആലോചന നടക്കുന്ന സമയത്ത് സ്ത്രീധനം ചോദിച്ചിട്ടുണ്ടെന്നു കൃത്യമായ തെളിവുണ്ടെങ്കില്‍ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനു സാഹചര്യമുണ്ട്. പൊലീസില്‍നിന്നു വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. സ്ത്രീധനത്തിനു വേണ്ടിയുള്ള വിലപേശലുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ കേസെടുക്കുന്നതിനു നിര്‍ദേശം നല്‍കും. സ്ത്രീധന പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയിട്ടുള്ളതെങ്കില്‍ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താനാകും” – വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
മുന്‍പ് പല വിവാഹ ആലോചനകളും വന്നെങ്കിലും പഠിക്കുന്നതിനാല്‍ ഷഹാനയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയറുമായ മലപ്പുറം സ്വദേശിയുടെ വിവാഹാലോചന വരുന്നത് മാസങ്ങള്‍ക്കു മുന്‍പാണ്. ഒരേ പ്രഫഷന്‍ ആയതിനാല്‍ ഷഹാനയ്ക്കും താല്‍പര്യം ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായി.
വിവാഹ ആലോചന വന്നപ്പോള്‍ തന്നെ ഇത്ര സ്വര്‍ണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹാനയുടെ ഉമ്മ വനിതാ കമ്മിഷനോട് പറഞ്ഞു. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാന്‍ കുടുംബത്തിന് ഇല്ലായിരുന്നു. കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തില്‍ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യം ഉണ്ടായി.
ഷഹാനയും മലപ്പുറം സ്വദേശിയുമായുള്ള വിവാഹക്കാര്യം അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അറിയാമായിരുന്നു. വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാന്‍ കഴിയാതെ വിഷമത്തിലായിരുന്നു ഷഹാന. പണം സമാഹരിക്കാന്‍ കഴിയാത്ത വിഷമം ഉമ്മയോട് പറഞ്ഞിരുന്നു. ഉമ്മയുടെ മൊഴിയില്‍ കേസ് എടുക്കാനുള്ള സാഹചര്യമുണ്ടെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.
വിദ്യാഭ്യാസമുള്ള കുടുംബങ്ങളിലാണ് ഇപ്പോള്‍ സ്ത്രീധന പ്രശ്‌നം കൂടുതലായി കാണുന്നത്. സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധം വേണ്ടെന്നു വയ്ക്കാനുള്ള ആര്‍ജവം പെണ്‍കുട്ടികള്‍ കാണിക്കണമെന്നും പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍.മഹിളാമണിയും എലിസബത്ത് മാമ്മന്‍ മത്തായിയും അധ്യക്ഷയ്ക്കൊപ്പമുണ്ടായിരുന്നു.