തിരുവനന്തപുരം: സെപ്റ്റംബര്‍ ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ ഇരട്ടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം.80 സ്കോറിനുള്ള പരീക്ഷയുടെ ചോദ്യപേപ്പറില്‍ 160 സ്കോറിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇതേ രീതിയില്‍ 60 സ്കോറിനുള്ള പരീക്ഷയില്‍ 120 സ്കോറിനുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കും. കുട്ടികളുടെ അഭിരുചിക്കനുസൃതമായി ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം നല്‍കണമെന്ന എസ്.സി.ഇ.ആര്.ടി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയാല്‍ അവയില്‍നിന്ന് മികച്ച സ്കോര്‍ ലഭിച്ച നിശ്ചിത എണ്ണം മാത്രമേ പരിഗണിക്കുകയുള്ളൂ. എസ്.സി.ഇ.ആര്.ടി നിശ്ചയിച്ച ഉൗന്നല്‍ നല്കുന്ന (ഫോക്കസ് ഏരിയ) പാഠഭാഗങ്ങളില്‍നിന്ന് തന്നെ മുഴുവന്‍ സ്കോറും നേടാന്‍ കുട്ടിയെ സഹായിക്കുംവിധം ആവശ്യാനുസരണം ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉണ്ടാകും. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാന്‍ കുട്ടികളെ സഹായിക്കുന്നതിന് ഫോക്കസ് ഏരിയക്ക് പുറത്തുള്ള പാഠഭാഗങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും.
ഇരട്ടി ചോദ്യങ്ങള്‍ നല്കുന്നതിനാല് ഇവ വായിച്ചുമനസ്സിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുമെന്നതിനാല്‍ തുടക്കത്തിലെ സമാശ്വാസ സമയം (കൂള്‍ ഒാഫ് ടൈം) 15 മിനിറ്റില്‍ നിന്ന് 20 മിനിറ്റായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറിലും മൂല്യനിര്‍ണയത്തിലും കൊണ്ടുവന്നതിന് സമാനമായ മാറ്റമാണ് പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിനും കൊണ്ടുവന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ നിശ്ചിത എണ്ണത്തിലധികം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയവര്‍ക്ക് മാര്‍ക്ക് നല്‍കിയിരുന്നു.