FeaturedKeralaNews

നടക്കുന്നത് വ്യാജ പ്രചാരണം,സംസ്ഥാനത്ത് ആശുപത്രികളിൽ നിലവിൽ ഐ.സി.യു., വെന്റിലേറ്റർ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിൽ നിലവിൽ ഐ.സി.യു., വെന്റിലേറ്റർ പ്രതിസന്ധിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.

സർക്കാർ ആശുപത്രികൾക്ക് പുറമേ 281 എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എ.പി.എൽ. ബി.പി.എൽ. വ്യത്യാസമില്ലാതെ സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ ഐ.സി.യു. സൗകര്യമോ വെന്റിലേറ്റർ സൗകര്യമോ ലഭ്യമല്ലെങ്കിൽ ഇത്തരം ആശുപത്രികളിലേക്ക് മാറ്റി ചികിത്സിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ ആകെ 3048 ഐ.സി.യു. കിടക്കളുള്ളതിൽ 1020 കോവിഡ് രോഗികളും 740 നോൺ കോവിഡ് രോഗികളുമാണുള്ളത്. 1288 ഐ.സി.യു. കിടക്കകൾ (43 ശതമാനം) ബാക്കിയുണ്ട്. 2293 വെന്റിലേറ്ററുകളുള്ളതിൽ 444 കോവിഡ് രോഗികളും 148 നോൺ കോവിഡ് രോഗികളുമുണ്ട്. 1701 വെന്റിലേറ്ററുകൾ (75 ശതമാനം) ഒഴിവുണ്ട്.

കോവിഡ് ചികിത്സയ്ക്കായി മാത്രം 281 എംപാനൽഡ് ആശുപത്രികളിലായി 20,724 കിടക്കകൾ സജ്ജമാണ്. ഈ ആശുപത്രികളിൽ 2082 ഐസിയുകളും 1081 വെന്റിലേറ്ററുകളുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കായി 798 പേർ ഐ.സി.യു.വിലും 313 പേർ വെന്റിലേറ്ററിലുമുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാൽ സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെയും ഐ.സി.യു.കളുടേയും എണ്ണം വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ ആശങ്കയുടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ രണ്ടു കോടിയിലധികം ജനങ്ങൾക്ക് (2,00,04,196) ആദ്യ ഡോസ് വാക്സിൻ നൽകിയതായും വീണാ ജോർജ് അറിയിച്ചു. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോൾ ഇത് ഏറെ ആശ്വാസകരമാണ്. പരമാവധി പേർക്ക് ഒരു ഡോസെങ്കിലും വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ തന്നെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ജനുവരി 16-ന് വാക്സിനേഷൻ ആരംഭിച്ച് 223 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. ഓണാവധി പോലും കാര്യമാക്കാതെ ലക്ഷ്യം പൂർത്തീകരിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

വാക്സിനേഷൻ യജ്ഞത്തിലൂടെ വാക്സിനേഷൻ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ഓഗസ്റ്റ് ഒമ്പത് മുതലാണ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്സിനാണ് വാക്സിനേഷൻ യജ്ഞത്തിലൂടെ നൽകാൻ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേർക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേർക്കും യജ്ഞത്തിന്റെ ഭാഗമായി പ്രതിദിനം വാക്സിൻ നൽകാനായി.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,72,54,255 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,00,04,196 പേർക്ക് ഒന്നാം ഡോസ് വാക്സിനും 72,50,059 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 56.51 ശതമാനം പേർക്ക് ഒന്നാം ഡോസും 20.48 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേർക്ക് ഒന്നാം ഡോസും 25.26 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

സ്ത്രീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേർത്ത് 1,41,75,570 ഡോസ് സ്ത്രീകൾക്കും, 1,30,72,847 ഡോസ് പുരുഷന്മാർക്കുമാണ് നൽകിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 88,66,476 ഡോസുമാണ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേർക്കാണ് വാക്സിൻ നൽകിയത്. 1,158 സർക്കാർ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1,536 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്സിൻ കൂടി ലഭ്യമായി. 4,65,000 ഡോസ് കോവിഷീൽഡ് വാക്സിനും 1,90,070 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker