നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർന്നു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നടന്റെ ബി.ജെ.പി പ്രവേശനം. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ചക്രവർത്തി മോദിയുമായി വേദി പങ്കിടാൻ സാധിച്ചത് സ്വപ്ന തുല്യമായ കാര്യമാണെന്നും പറഞ്ഞു.
‘എന്നെ കണ്ട് വിഷമില്ലാത്ത സർപ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂർഖനാണ്, ഒരൊറ്റ കൊത്തിൽ നിങ്ങൾ പടമാകും” തുടങ്ങിയ തന്റെ സിനിമകളിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾ സദസിൽ അവതരിപ്പിച്ച് ചക്രവർത്തി, ബി.ജെ.പി പ്രവർത്തകരെ കയ്യിലെടുത്തു. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളെയും പ്രവർത്തകർ സ്വീകരിച്ചത്. മുൻ തൃണമൂൽ രാജ്യസഭ എം.പിയും പഴയകാല സിനിമാ താരവുമായ ചക്രവർത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി.
മുൻപ് ഇടത് പക്ഷത്ത് സജീവമായിരുന്ന ചക്രവർത്തി പിന്നീട് ടി.എം.സിയിൽ ചേർന്ന് രാജ്യസഭാ എം.പി ആയെങ്കിലും ഏതാനും വർഷങ്ങൾക്ക് ശേഷം ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രാജിവക്കുകയായിരുന്നു. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത് മുംബൈയിലുള്ള ചക്രവർത്തിയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയായിരുന്നു നടൻ ബി.ജെ.പിയിൽ ചേരുമെന്ന് പ്രചാരണമുണ്ടായത്.
വർഷങ്ങളോളം രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു വിട്ടുനിന്ന ശേഷമാണ് ഇപ്പോൾ അദ്ദേഹം ബി.ജെ.പി യിൽ എത്തിയിരിക്കുന്നത്. മിഥുൻചക്രവർത്തിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുൻനിർത്തി ബംഗാളിൽ ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.