KeralaNews

സമ്മർദം വിലപ്പോവില്ല, ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ടില്ല; പ്രതികരണവുമായി ഗവർണർ

ന്യൂഡല്‍ഹി: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവര്‍ക്കുമുണ്ടെന്നും എന്നാല്‍ ഒരു സമ്മര്‍ദ്ദവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കോടതി വിധി അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓര്‍ഡിനന്‍സും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ല. കൈയില്‍ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ലെന്നും സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്.

അത് എല്ലാവര്‍ക്കും ബാധകമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ അനധികൃതമായി ഇടപെട്ടതിന്റെ ആയിരം ഉദാഹരണങ്ങള്‍ താന്‍ കാണിച്ച് തരാമെന്നും ഗവര്‍ണര്‍ പറയുന്നു. സര്‍ക്കാര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്നാല്‍ താന്‍ തന്റെ പരിധിയിലും നിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അനധികൃത ഇടപെടലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുകയാണെന്നും വിദ്യാര്‍ഥികള്‍ കേരളം വിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button