‘സ്റ്റണ്ട് ദുരന്തം ആവര്‍ത്തിയ്ക്കരുത്‌’ ചെന്നൈയിൽ നാളെ ‘നോ ഷൂട്ട് ഡേ’

ചെന്നൈ:സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ അപകടത്തെ തുടർന്ന് ജൂലൈ 17-ന് സ്റ്റണ്ട്‍മാൻ ഏഴുമലൈ അന്തരിച്ച വാർത്ത തമിഴ് സിനിമ മേഖലയെ കണ്ണീരിലാഴ്ത്തിയിരുന്നു. കാർത്തി നായകനാകുന്ന സിനിമ സർദാർ 2-ന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഏഴുമലൈയുടെ വിയോഗത്തിന് ഒരാഴ്ച്ച പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന് അനുശോചനമർപ്പിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (എഫ്ഇഎഫ്എസ്ഐ). ഏഴുമലൈയ്‍യുടെ വിയോ​ഗത്തിൽ സംഘടന ചെന്നൈയിൽ നാളെത്തേയ്ക്ക് സിനിമ ചിത്രീകരണമെല്ലാം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

എഫ്ഇഎഫ്എസ്ഐ ചെയർപേഴ്സൺ ആണ് നാളെ നോ ഷൂട്ട് ഡേയായി ഔദ്യോ​ഗികമായി അറിയിച്ചത്. ഷൂട്ടിങ്ങ് സെറ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ പ്രവർത്തകർക്കും ഉചിതമായ സംരക്ഷണ ഉപകരണങ്ങൾ ഉണ്ടായിരിക്കണം. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഞങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടും പ്രൊഡക്ഷൻ കമ്പനികളോടും പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നിരുന്നാലും, മിക്ക പ്രൊഡക്ഷൻ കമ്പനികളും, സുരക്ഷാ നിയമങ്ങൾ പാലിക്കുന്നില്ല, എഫ്ഇഎഫ്എസ്ഐ ചെയർപേഴ്സൺ പറഞ്ഞു.

പല ആർട്ടിസ്റ്റുകളും ജോലിക്കാരും സുരക്ഷാ ഉപകരണങ്ങളില്ലാതെ സെറ്റിൽ ഇന്നും ജോലി ചെയ്യുന്നുണ്ട് അതും പലപ്പോഴും അപകടകരമായ സാഹചര്യങ്ങളിൽ. ആതാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നത്. അതിനാൽ, സുരക്ഷാ ഉപകരണങ്ങളും ബോധവത്ക്കരണവും അംഗങ്ങൾക്ക് നൽകുന്നതിനായി ഞങ്ങൾ ജൂലൈ 25 ന് രാവിലെ 9:00 മണിക്ക് വടപളനിയിലെ കമല തിയേറ്ററിൽ ആ‍ർട്ടിസ്റ്റുകൾക്കും മറ്റ് തൊഴിലാളികൾക്കും പ്രത്യേക സുരക്ഷാ ബോധവത്ക്കരണ ക്ലാസും മീറ്റിങ്ങും സംഘടിപ്പിക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

സിനിമയുടെ നിർണ്ണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ ഏഴുമലൈ 20 അടി ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഏഴുമലൈയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. എഴുമലൈയുടെ വിയോഗത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ജൂലൈ 12-നാണ് സർ​​ദാർ 2-ന്റെ ചിത്രീകരണം നടന്നത്. കാ‍ർത്തി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് മിത്രനാണ്. 2022-ൽ പുറത്തിറങ്ങിയ സ്പൈ ത്രില്ലർ സർദാറിന്റെ സീക്വലാണ് ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News