മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ട്വന്റി 20 യിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജുവിന് ഒരു തവണ പോലും സ്‌കോര്‍ 20 കടത്താനായില്ല.
തുടര്‍ന്ന് അവസരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്ന വിമര്‍ശനങ്ങളടക്കം സഞ്ജു നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ അഞ്ചാമതായും ആറാമതായുമായിരുന്നു സഞ്ജു ഇറങ്ങിയത്. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചുമായ അഭിഷേക് നായര്‍.
സ്ഥിരം പൊസിഷനില്‍ നിന്ന് മാറിയാണ് സഞ്ജുവിനെ ബാറ്റിംഗിനിറക്കിയതെന്നും ഇതാണ് അദ്ദേഹത്തിന്റെ പ്രകടനം മോശമാവാന്‍ കാരണമായതെന്നും അഭിഷേക് നായര്‍ പറഞ്ഞു. ‘സഞ്ജു സാംസണെ കൃത്യമായി ഉപയോഗിക്കണമെങ്കില്‍ മൂന്നാം നമ്പറില്‍ ഇറക്കണം.
അതാണ് സഞ്ജുവിന് അനുയോജ്യമായ ബാറ്റിംഗ് പൊസിഷന്‍. മൂന്നാം നമ്പറില്‍ മികച്ച റെക്കോര്‍ഡും സഞ്ജുവിനുണ്ട്. അവിടെ കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സഞ്ജുവിനെ ടീമിലെടുക്കരുത്’, അദ്ദേഹം അഭിപ്രായപ്പെട്ടു.
അഞ്ച്, ആറ് സ്ഥാനങ്ങളിലാണ് ബാറ്ററെ ആവശ്യമെങ്കില്‍ റിങ്കു സിംഗിനെ ഇറക്കുക. സഞ്ജുവിനെ മൂന്നാം സ്ഥാനത്തിറക്കിയാല്‍ ടീമിന് ഗുണമുണ്ടാകും. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാനും സ്പിന്നര്‍മാരെ നേരിടാനും അനായാസം സഞ്ജുവിന് സാധിക്കുമെന്നും അഭിഷേക് വ്യക്തമാക്കി.
‘സഞ്ജു അവസരം നഷ്ടമാക്കിയോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ല. സഞ്ജുവിന് വീണ്ടും അവസരങ്ങള്‍ ലഭിക്കും. കാരണം അത് സഞ്ജു സാംസണാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.