വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
‘ഇറാനിലെ ഭീകര ഭരണകൂടത്തിനെതിരായുള്ള പശ്ചിമേഷ്യയിലെ ഞങ്ങളുടെ മഹത്തായ സൈനിക ശ്രമങ്ങൾ അവസാനിപ്പിക്കുന്നത് പരിഗണിക്കുമ്പോൾ തന്നെ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെ അടുത്താണ്. ഹോർമുസ് കടലിടുക്ക്, ആവശ്യമെങ്കിൽ, അത് ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ സംരക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടി വരും. അമേരിക്ക അങ്ങനെ ചെയ്യില്ല. ആവശ്യപ്പെട്ടാൽ, ഈ രാജ്യങ്ങളുടെ ഹോർമുസ് ശ്രമങ്ങളിൽ ഞങ്ങൾ അവരെ സഹായിക്കും. പക്ഷേ ഇറാന്റെ ഭീഷണി ഇല്ലാതാക്കിക്കഴിഞ്ഞിട്ട് ആവശ്യവുമായി വരരുത്. പ്രധാനമായും, അത് എളുപ്പമുള്ള ഒരു സൈനിക നടപടിയായിരിക്കും’ ട്രംപ് പറഞ്ഞു.
ഇറാന്റെ സൈനികശേഷി ഇല്ലാതാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ‘ഇറാന്റെ മിസൈൽ ശേഷി പൂർണമായും ഇല്ലാതാക്കി. ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ നശിപ്പിച്ച് അവരുടെ നാവികസേനയെയും വ്യോമസേനയെയും ഇല്ലാതാക്കുന്നു’ ട്രംപ് പറഞ്ഞു, ഇറാൻ ഒരിക്കലും ആണവായുധങ്ങൾ വികസിപ്പിക്കുന്നതിന് അടുത്തെത്തില്ലെന്ന് അമേരിക്ക ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ പ്രാദേശിക സഖ്യകക്ഷികളെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ‘ഇസ്രയേൽ, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈത്ത്, തുടങ്ങിയ പശ്ചിമേഷ്യൻ സഖ്യകക്ഷികളെ ഉയർന്ന തലത്തിൽ സംരക്ഷിക്കുന്നു’ ട്രംപ് കുറിച്ചു.അതേസമയം പശ്ചിമേഷ്യയിലേക്ക് കൂടുതൽ നാവികരെ യുഎസ് അയച്ചിട്ടുണ്ട്. ജപ്പാനിൽനിന്നും മറ്റുമായിട്ടാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് നാവികരെത്തുന്നത്.
English Summary: US President Donald Trump announced via Truth Social that the United States is close to achieving its military objectives in the Middle East and is considering ending its campaign against Iran. He stated that other nations using the Strait of Hormuz must now take responsibility for its security. While offering assistance if requested, Trump emphasized that the US would no longer single-handedly secure the route. He warned nations to seek help before the Iranian threat is fully neutralized, noting that the final military actions would be “easy.”

