വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണ്. കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിച്ചുവെന്നും ട്രംപ് പറഞ്ഞു.
അധികാരം ഒഴിയുന്നതായി ട്രംപ് അറിയിച്ചു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ട്രംപ് ഒടുവില്‍ അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 20ന് പുതിയ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കും.
അതേസമയം ആക്രമണത്തില്‍ മരണം അഞ്ചായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ ഇന്നലെ മരിച്ചിരുന്നു. അതിനിടെ സുരക്ഷാവീഴ്ച ഉണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ കാപിറ്റോള്‍ ഹില്‍ പോലീസ് മേധാവി രാജിവച്ചു.
സംഘടിച്ചെത്തി അക്രമം അഴിച്ചുവിട്ട നൂറോളം പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനയായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും, കൂടുതല്‍ അക്രമികളെ കണ്ടെത്താന്‍ എഫ്.ബി.ഐ തിരച്ചില്‍ ഊര്‍ജിതമാക്കി.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഡോണള്‍ഡ് ട്രംപിന് വൈറ്റ് ഹൗസില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം ട്രംപിനെ നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് സ്പീക്കര്‍ ആവശ്യപ്പെട്ടു.