ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി. രാവിലെ പതിനൊന്ന് നാല്‍പ്പതിന് യു.എസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലാണ് ട്രംപ് അഹമ്മദാബാദില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ട്രംപിനേയും പത്നി മെലനിയയേയും സ്വീകരിച്ചത്. വിവിധ കലാരൂപങ്ങളും ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പം ട്രംപും മെലനിയയും പങ്കെടുക്കും. ട്രംപിന് വന്‍ വരവേല്‍പ്പാണ് അഹമ്മദാബാദില്‍ ഒരുക്കിയത്. റോഡിനിരുവശവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അണിനിരന്നു. കലാകാരന്മാരുടെ പ്രകടനങ്ങള്‍ കണ്ടുനീങ്ങുന്ന യുഎസ് പ്രസിഡന്റ് സബര്‍മതി ആശ്രമത്തിലെത്തും. അവിടെ അരമണിക്കൂര്‍ ചെലവഴിക്കും.
ഉച്ചയ്ക്ക് ഒന്നരയോടെ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ ഒരുലക്ഷം പേര്‍ അണിനിരക്കുന്ന നമസ്തേ ട്രംപ് പരിപാടി ആരംഭിക്കും. ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്ക് സമാനമായാണ് നമസ്തേ ട്രംപിന്റെ തയാറെടുപ്പ്. ട്രംപിന്റെയും മോദിയുടെയും അരമണിക്കൂര്‍ പ്രസംഗമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മണിക്ക് സ്വീകരണം അവസാനിക്കും. മൂന്നരയ്ക്ക് ട്രംപ് മടങ്ങും.
നേരെ ആഗ്രയിലേക്ക് പോകുന്ന ട്രംപും മെലനിയയും താജ്മഹല്‍ സന്ദര്‍ശിക്കും. അതിനുശേഷം 6.45 ഓടെ ട്രംപും സംഘവും ഡല്‍ഹിയിലേക്ക് തിരിക്കും. നാളെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.
ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്നര്‍ അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. ഇതാദ്യമായാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്നത്.