ലണ്ടന്‍: ഇറാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക വിജയം കൈവരിച്ചെന്നും ഇനി ബ്രിട്ടന്റെ സഹായം തനിക്ക് ആവശ്യമില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിഡില്‍ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ അയക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് ട്രംപ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറെ രൂക്ഷമായി പരിഹസിച്ചത്. ‘ഒരിക്കല്‍ നമ്മുടെ വലിയ സഖ്യകക്ഷിയായിരുന്ന ബ്രിട്ടന്‍ ഒടുവില്‍ വിമാനവാഹിനിക്കപ്പലുകള്‍ അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്.
അത് കുഴപ്പമില്ല മിസ്റ്റര്‍ സ്റ്റാര്‍മര്‍, എങ്കിലും ഒന്ന് ഓര്‍ക്കുക, യുദ്ധം ജയിച്ചുകഴിഞ്ഞു വന്ന് ചേരുന്നവരുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല’- ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അമേരിക്കന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാതിരുന്ന സ്റ്റാര്‍മറുടെ നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ബ്രിട്ടന്‍ ‘വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ’ കാലത്തെപ്പോലെയല്ലെന്നും സ്റ്റാര്‍മര്‍ ബന്ധങ്ങള്‍ വഷളാക്കുകയാണെന്നും ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നിലവില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ‘എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ്’ എന്ന വിമാനവാഹിനിക്കപ്പലിനെ മിഡില്‍ ഈസ്റ്റിലേക്ക് അയക്കാന്‍ സജ്ജമാക്കിയിരിക്കെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.
അതേസമയം, യുഎസ് നടപടികളില്‍ പങ്കാളികളാകാതെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടന്‍ സജീവമാണെന്ന് കീര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കാന്‍ ബ്രിട്ടീഷ് ജെറ്റുകള്‍ ഇറാന്‍ മിസൈലുകള്‍ വെടിവെച്ചിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ വാക്കുകളെ തൂക്കിനോക്കുന്നതല്ല യഥാര്‍ത്ഥ ‘സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പ്’ എന്നും സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. എന്നാല്‍ അമേരിക്കയുമായുള്ള സുരക്ഷാ ബന്ധത്തില്‍ വിള്ളല്‍ വീണത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
ട്രംപിന്റെ പ്രസ്താവന ലണ്ടനില്‍ വലിയ രാഷ്ട്രീയ ഭൂകമ്പത്തിന് കാരണമാകുന്നു. ട്രംപിന്റെ പരിഹാസത്തിന് പിന്നാലെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് പ്രതിപക്ഷം രംഗത്തെത്തി. അമേരിക്കയുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള ‘സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പിന്’ സ്റ്റാര്‍മറുടെ അപക്വമായ വിദേശനയം വിള്ളല്‍ വീഴ്ത്തിയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആരോപണം.
യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്കയെ സഹായിക്കാന്‍ മടിക്കുകയും വിജയം ഉറപ്പായപ്പോള്‍ വിമാനവാഹിനിക്കപ്പലുകള്‍ അയക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത് ലോകവേദിയില്‍ ബ്രിട്ടനെ പരിഹാസ്യരാക്കിയെന്ന് ഷാഡോ ഡിഫന്‍സ് സെക്രട്ടറി കുറ്റപ്പെടുത്തി. ‘അമേരിക്ക നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്നാല്‍ ട്രംപിനെപ്പോലൊരു നേതാവിനെ കൈകാര്യം ചെയ്യുന്നതില്‍ സ്റ്റാര്‍മര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. വൈകിയെത്തിയ സഹായം വേണ്ടെന്ന് ട്രംപ് പരസ്യമായി പറഞ്ഞത് ബ്രിട്ടീഷ് സേനയ്ക്കും അഭിമാനത്തിനും ഏറ്റ തിരിച്ചടിയാണ്’- പ്രതിപക്ഷം പ്രസ്താവനയില്‍ പറഞ്ഞു.
ട്രംപിന്റെ പരിഹാസത്തെ പ്രതിരോധിക്കാന്‍ സ്റ്റാര്‍മര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലേബര്‍ സര്‍ക്കാരിനുള്ളില്‍ തന്നെ അതൃപ്തി പുകയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ വൈകി അനുമതി നല്‍കിയതും, വിമാനവാഹിനിക്കപ്പലുകള്‍ വിന്യസിക്കുന്നതില്‍ വരുത്തിയ കാലതാമസവുമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. യുഎസ്-യുകെ ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും ഇത് വരാനിരിക്കുന്ന വ്യാപാര-പ്രതിരോധ കരാറുകളെ ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
US President Donald Trump has claimed a decisive victory in the war against Iran and asserted that he no longer requires assistance from Britain. Reacting to reports that the UK is considering deploying two aircraft carriers to the Middle East, Trump took a sharp, mocking tone toward British Prime Minister Keir Starmer. He remarked that Britain, once a “great ally,” is only now “seriously thinking” about sending carriers, effectively dismissing their strategic relevance in the current landscape.


