സമാധാന ചർച്ചകൾക്കിടെ ക്രിമിയയിൽ യുക്രെയ്ൻ വ്യോമാക്രമണം;കനത്ത നാശം

മോസ്‌കോ : അഞ്ച് വർഷത്തിലേക്ക് കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും ഡൊണാൾഡ് ട്രംപുമായി വെവ്വേറെ ഫോൺ സംഭാഷണങ്ങൾ നടത്തി. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഞായറാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിലുണ്ടായ യുക്രെയ്ൻ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ക്രിമിയയുടെ വടക്കൻ മേഖലയിലാണ് ആക്രമണം ഉണ്ടായതെന്നും പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും റഷ്യൻ ഗവർണറായ സെർജി അക്‌സ്യോനോവ് അറിയിച്ചു. ഉപദ്വീപിനെ റഷ്യയിൽ നിന്ന് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ക്രിമിയയിലെ പ്രധാന അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് നേരെ യുക്രെയ്ൻ സൈന്യം ആക്രമണങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് പുതിയ സംഭവം. 2014ലാണ് റഷ്യ ക്രിമിയ പിടിച്ചെടുത്ത് കൂട്ടിച്ചേർത്തത്.

അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250ാം വാർഷികത്തിൽ ട്രംപിനെ അഭിനന്ദിക്കാൻ വിളിച്ച സെലെൻസ്കി യുദ്ധമുഖത്തെ നിലവിലെ സാഹചര്യങ്ങൾ ട്രംപുമായി ചർച്ച ചെയ്തു. ഈ യുദ്ധം അവസാനിപ്പിക്കാനുള്ള യഥാർത്ഥ സാധ്യത നിലവിലുണ്ടെന്നും ഇതിൽ അമേരിക്കയുടെ ദൃഢനിശ്ചയം നിർണായകമായിരിക്കുമെന്നും സെലൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ നേരിട്ട് കൂടിക്കാഴ്ച നടത്തി ഈ ചർച്ചകൾ തുടരാൻ ഇരുനേതാക്കളും സമ്മതിച്ചിട്ടുണ്ട്. സെലെൻസ്കി ട്രംപുമായി നടത്തിയ സംഭാഷണത്തിന് തൊട്ടുപിന്നാലെയായിരുന്നു ക്രിമിയയിലെ ആക്രമണം.

ശനിയാഴ്ച പുടിനും ട്രംപും തമ്മിൽ ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ഫോൺ സംഭാഷണം നടന്നതായി ഔദ്യോ​ഗികവൃത്തങ്ങൾ അറിയിച്ചു. ഈ വർഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന നാലാമത്തെ സംഭാഷണമാണിത്. യുക്രെയ്നിലെ ശത്രുത എത്രയും വേഗം അവസാനിപ്പിക്കുന്നതിനും പ്രതിസന്ധി പരിഹരിക്കാൻ സമാധാനപരമായ മാർഗ്ഗങ്ങൾ തേടുന്നതിനും സഹായിക്കാനുള്ള സന്നദ്ധത ട്രംപ് വീണ്ടും വ്യക്തമാക്കി. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാറെഡ് കുഷ്‌നറും മോസ്കോ സന്ദർശിച്ച് മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ക്രെംലിൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് അറിയിച്ചു.

നയതന്ത്രപരമായ പരിഹാരം കാണാനാണ് റഷ്യ മുൻഗണന നൽകുന്നതെന്നും പുടിൻ വ്യക്തമാക്കി. എന്നാൽ യുക്രെയ്നും യൂറോപ്യൻ സഖ്യകക്ഷികളും യുദ്ധം നീട്ടിക്കൊണ്ടുപോകാനും പ്രകോപനം വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. യൂറോപ്യൻ യുദ്ധാനുകൂലികൾ യുദ്ധമുഖത്തെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് തെറ്റായ ധാരണയാണ് വെച്ചുപുലർത്തുന്നതെന്നും പുടിൻ കുറ്റപ്പെടുത്തി.

യുദ്ധക്കളത്തിൽ റഷ്യൻ സൈന്യം തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ഡൊണെറ്റ്സ്ക് മേഖലയുടെ മോചനത്തിലേക്കുള്ള നിർണായക ചുവടുവെപ്പായി യുക്രെയ്ന്റെ ശക്തമായ കോട്ടയായിരുന്ന കൊസ്ത്യാന്തിനിവ്ക (Kostyantynivka) റഷ്യ പിടിച്ചെടുത്തതായും പുടിൻ ട്രംപിനോട് അവകാശപ്പെട്ടു. എന്നാൽ ഇത് അവകാശവാദം യുക്രെയ്ൻ തള്ളിക്കളഞ്ഞിട്ടുണ്ട്.

റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്താനുമുള്ള യുക്രെയ്ന്റെ ശേഷി വ്യക്തമാക്കുന്നതാണ് പുതിയ ആക്രമണങ്ങൾ. അതേസമയം സമീപകാലത്തായി റഷ്യയുടെ മുന്നേറ്റങ്ങളുടെ വേഗത കുറഞ്ഞിട്ടുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു. നയതന്ത്ര ചർച്ചകളുടെ പുനരുജ്ജീവനവും യുദ്ധക്കളത്തിലെ ശക്തമായ പോരാട്ടങ്ങളും ഒരേസമയമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.

English Summary

US President Donald Trump has intensified diplomatic mediation efforts to end the Russia-Ukraine war, which has now entered its fifth year. As part of these peace initiatives, Trump held separate telephonic conversations with Russian President Vladimir Putin and Ukrainian President Volodymyr Zelenskyy. Amidst these progressing peace talks, a fresh Ukrainian airstrike targeted the Russian-occupied Crimea early Sunday morning, resulting in one death and leaving two others injured.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News