വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തെ ഡൊണാള്‍ഡ് ട്രംപിന്റെ വിചിത്ര രീതികള്‍ വൈറ്റ് ഹൗസിന് തലവേദനയായിരുന്നു. പ്രിന്റ് ചെയ്ത രേഖകള്‍ കീറി ക്ലോസറ്റില്‍ നിക്ഷേപിച്ച് വൈറ്റ് ഹൗസ് ശുചിമുറിയിലെ പൈപ്പുകള്‍ ബ്ലോക്കാക്കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വൈറ്റ്ഹൗസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തക മാഗി ഹേബര്‍മാന്റെ പുതിയ പുസ്തകമായ ‘കോണ്‍ഫിഡന്‍സ് മാനിലാണ്’ ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.
ജീവനക്കാര്‍ ടോയ്‌ലറ്റിനുള്ളില്‍ പ്രിന്റഡ് പേപ്പറുകള്‍ കണ്ടെത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. രേഖകള്‍ കീറിയെറിയുന്നത് ട്രംപിനൊരു ശീലമാണെന്നു നേരത്തെ പരാതിയുയര്‍ന്നിരുന്നു.ചട്ടപ്രകാരം പ്രസിഡന്റിന്റെ വൈറ്റ്ഹൗസിലെ കത്തിടപാടുകളും രേഖകളുമൊക്കെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കണം. ട്രംപ് കടലാസുകള്‍ കീറുന്നതിനാല്‍ വൈറ്റ് ഹൗസ് അധികൃതര്‍ക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചു. ട്രംപ് കീറി എറിഞ്ഞ രേഖകളില്‍ പലതും അധികൃതര്‍ കണ്ടെത്തി കൂട്ടിയൊട്ടിച്ചാണു ആര്‍ക്കൈവ് ചെയ്തത്.
എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ട്രംപ് തന്നെ രംഗത്തെത്തി. വൈറ്റ് ഹൗസ് ടോയ്‌ലറ്റില്‍ കടലാസ് കീറിയെറിഞ്ഞെന്നത് വ്യാജ വാര്‍ത്തയാണ് എന്നാണ് വാര്‍ത്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്. പബ്ലിസിറ്റി കിട്ടാനായി റിപ്പോര്‍ട്ട് കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതിനിടെ ഫ്‌ളോറിഡയിലെ തന്റെ വസതിയിലേക്ക് വൈറ്റ് ഹൗസിലെ രേഖകള്‍ കടത്തിയതിന് അന്വേഷണം നേരിടുകയാണ് ട്രംപ്.