31.1 C
Kottayam
Thursday, May 2, 2024

ടാറ്റാ ട്രംപ്….അമേരിക്കന്‍ പ്രസിഡണ്ട് മടങ്ങി

Must read

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി 10നാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

തിങ്കളാഴ്ചയാണ് ട്രംപ് ഇന്ത്യയില്‍ എത്തിയത്. ഭാര്യ മെലനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കഷ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായി ആശ്രമത്തിലേക്കായിരുന്നു ആദ്യയാത്ര. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുത്തു. ശേഷം ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചു.

ചൊവ്വാഴ്ച രാഷ്ട്രപതി ഭവനത്തിലെത്തിയ ട്രംപിനെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാജ്ഘട്ടിലെത്തിയ ട്രംപ് മഹാത്മ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ശേഷം ഇരുനേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും 6 അപ്പാഷെ ഹെലികോപ്റ്ററുകളും വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. ഗ്രാമങ്ങളിലും മറ്റും കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ദ്രവീകൃത പ്രകൃതിവാതക വിതരണം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും യുഎസിലെ എക്‌സണ്‍ മൊബീല്‍, ചാര്‍ട്ട് ഇന്‍ഡസ്ട്രീസ് എന്നിവയുമായും കരാര്‍ ഒപ്പുവച്ചു. മാനസികാരോഗ്യം, മെഡിക്കല്‍ ഉപകരണങ്ങളുടെ സുരക്ഷ, എന്നിവയിലും ധാരണപത്രമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week