യുഎസ് പിന്തുണയ്ക്ക് യുക്രൈന്‍ യാതൊരു നന്ദിയും കാണിച്ചില്ല, യൂറോപ്പ് റഷ്യന്‍ എണ്ണവാങ്ങൽ തുടരുന്നു; ആഞ്ഞടിച്ച് ട്രംപ്‌

ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുക്രെെനെതിരേയും യൂറോപ്പിനെതിരേയും രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ അമേരിക്ക പിന്തുണ നല്‍കിയിട്ടും യുക്രൈനിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം.

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെ അക്രമാസക്തവും ഭീകരവുമെന്ന് വിശേഷിപ്പിച്ച ട്രംപ്, യുഎസിലും യുക്രൈനിലും കരുത്തുറ്റതും കൃത്യതയുള്ളതുമായ നേതൃത്വമുണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നെന്ന് അവകാശപ്പെട്ടു.

താന്‍ വീണ്ടും പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് ഏറെമുന്‍പ്, ഉറക്കംതൂങ്ങിയായ ജോ ബൈഡന്റെ കാലത്താണ് റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചത്. 2020-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുകയും അത് തട്ടിയെടുക്കപ്പെടുകയും ചെയ്തില്ലായിരുന്നെങ്കില്‍ യുക്രൈന്‍-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ല, ട്രംപ് അവകാശപ്പെട്ടു.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകള്‍ മരിച്ച ഒരു യുദ്ധമാണ് എനിക്ക് മുന്‍ഗാമിയില്‍നിന്ന് ലഭിച്ചത്. യുക്രൈന്‍ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് തുടരുന്നു. നാറ്റോയ്ക്ക് യുക്രൈനില്‍ വിതരണം ചെയ്യാന്‍ വലിയ അളവില്‍ യുഎസ്എ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നു (കൗശലക്കാരനായ ജോ ബൈഡന്‍ എല്ലാം സൗജന്യമായാണ് നല്‍കിയിരുന്നത്), സുദീര്‍ഘമായ കുറിപ്പില്‍ ട്രംപ് വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News