ന്യൂഡല്‍ഹി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.
മാത്യു കുഴൽനാടന്റെ കുടുംബ ഭൂമിയിൽ നടത്തിയ പരിശോധന താലൂക്ക് സർവേ വിഭാഗം പൂർത്തിയാക്കിയിരുന്നു. തിങ്കളാഴ്ചയോടെ റിപ്പോർട്ട് തഹസീൽദാർക്ക് സമർപ്പിക്കും. അനധികൃതമായ നില നികത്തലോ, ഭൂമി കയ്യേറ്റമോ നടന്നിട്ടുണ്ടോ എന്നാണ് താലൂക്ക് സർവേ വിഭാഗം പരിശോധിച്ചത്.
അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. 4 മാസങ്ങൾക്ക് മുൻപ് ഈ സ്ഥലത്ത് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയർന്നപ്പോഴാണ് റവന്യു സർവെ വിഭാഗം റീ സർവ്വേക്ക് ഒരുങ്ങിയത്.
റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്കും എംഎൽഎ മറുപടി നൽകിയിരുന്നു.
മാത്യു കുഴൽനാടൻ വരുമാനത്തിന്റെ 29 ഇരട്ടി സ്വത്താണ് മാത്യു കുഴൽനാടൻ അനധികൃതമായി സമ്പാദിച്ചിട്ടുള്ളതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചു. വെറും ആരോപണം മാത്രമല്ലെന്നും, മാത്യു കുഴൽനാടൻ ഇലക്ഷൻ കമ്മിഷന് നൽകിയ അഫിഡവിറ്റിൽ ഈ കണക്കുകൾ വ്യക്തമാണെന്നും മോഹനൻ പറഞ്ഞു.
ചിന്നക്കനാലിൽ സ്ഥലം വാങ്ങാനുള്ള മുഴുവൻ പണവും മാത്യു കുഴൽനാടന്റെ അക്കൗണ്ടിൽ നിന്നാണ് കൊടുത്തത്. 95 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് 3.5 കോടി വൈറ്റ് മണി കൊടുത്ത് എഴ് കോടി മൂല്യമുള്ള സ്ഥലം വാങ്ങാൻ എങ്ങനെ കഴിഞ്ഞു? ഇതുസംബന്ധിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ കുഴൽനാടൻ തയ്യാറാകണം. തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും സി.എൻ മോഹനൻ വ്യക്തമാക്കി.
സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും വീടുള്ളയാൾക്ക് ചിന്നക്കലാൽ വസ്തുവാങ്ങി വീട് വയ‌്ക്കാൻ സാദ്ധ്യമല്ല. കേരളത്തിൽ പലയിടത്തും വസ്‌തുവകകളുള്ള കുഴൽനാടൻ എങ്ങനെയാണ് ചിന്നക്കാനാലിൽ സ്ഥലം വാങ്ങുക? ഗസ്‌റ്റ് ഹൗസ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അവിടെ റിസോർട്ടാണ് പ്രവർത്തിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
സി.എൻ. മോഹനനും മൂവാറ്റുപുഴയിലെ ഏതാനും വ്യക്തികളും വിജിലൻസ് ഡയറക്ടർക്കും സർക്കാരിനും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. ബിനാമി ഇടപാടിലൂടെ ആറു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും റിസോർട്ടും ഇടുക്കിയിലെ ചിന്നക്കനാലിൽ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണെന്നാണ് പരാതി. പൊതുജന സേവകരുടെ അഴിമതി സംബന്ധിച്ച പരാതികൾ വിജിലൻസിന് അന്വേഷിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
2021 മാർച്ച് 18നു രാജകുമാരി സബ് രജിസ്ട്രാർ ഓഫിസിൽ റജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. മാർച്ച് 19നു മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ വസ്തുവിലും റിസോർട്ടിലും തനിക്ക് 50% ഓഹരിയുണ്ടെന്നും അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാണെന്നുമാണു മാത്യു കാണിച്ചത്. 50 ശതമാനത്തിനു മൂന്നരക്കോടിയെങ്കിൽ ആകെ വില ഏഴു കോടി വരും. 24 മണിക്കൂർ കൊണ്ട് 1.92 കോടി രൂപയുടെ മൂല്യം 7 കോടിയായി ഉയർന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് സി.എൻ. മോഹനൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിയർപ്പിന്റെ വില അറിയാത്തതിനാലാണ് സി.പി.എം തനിക്കെതിരെ സാമ്പത്തികാരോപണം ഉന്നയിച്ചതെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സി.പി.എം നിയോഗിക്കുന്ന ആളെക്കൊണ്ട് പരിശോധിപ്പിക്കാം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയന്റെ കമ്പനിയായ എക്സാ ലോജിക്കിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ സി.പി.എം സെക്രട്ടേറിയറ്റ് തയ്യാറുണ്ടോ എന്നും കുഴൽനാടൻ വെല്ലുവിളിച്ചു.
ചിന്നക്കനാലിലെ ഭൂമിക്കായി 13.24 ലക്ഷം നികുതി നൽകേണ്ടിടത്ത് 19.11 ലക്ഷം രൂപ അടച്ചിട്ടുണ്ട്. എല്ലാ രേഖകളും ആർക്കുവേണമെങ്കിലും പരിശോധിക്കാം. 2014 മുതൽ 2022 വരെ തന്റെ അഡ്വക്കേറ്റ് ഫേം സർക്കാരിന് നൽകിയ നികുതി രേഖകളും അദ്ദേഹം പുറത്തുവിട്ടു. 2013-14ൽ 2.60 ലക്ഷം, 14-15ൽ 9.99ലക്ഷം, 15-16ൽ 9.11 ലക്ഷം 16-17ൽ 13.59 ലക്ഷം, 17-18ൽ 22.15 ലക്ഷം 18-19ൽ 25.87 ലക്ഷം, 19-20ൽ 21.77 ലക്ഷം, 20-21 ൽ 25.73, 21-22ൽ 30.58 ലക്ഷം എന്നിങ്ങനെയാണ് നികുതിയിനത്തിൽ തന്റെ ഫേം അടച്ചിട്ടുള്ളത്. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം നേതാവും മുൻ ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെ നിയമിക്കണം. വരുമാനത്തിനു തൊഴിൽ, സേവനത്തിനു രാഷ്ട്രീയം എന്നതാണ് തന്റെ നിലപാട്. വിശ്വാസ്യത ചോദ്യം ചെയ്‌താൽ സഹിക്കില്ല. 2001 മുതൽ അഭിഭാഷക വൃത്തി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.