കിഴക്കമ്പലം: കുമ്മനോട് തൃക്കയില്‍ മഹാദേവ ക്ഷേത്രക്കുളത്തില്‍ പട്ടിയെ കൊന്ന് ചാക്കിലാക്കി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സര്‍പ്പ പ്രതിഷ്ഠയില്‍ ആയില്ല്യപൂജയ്ക്ക് എത്തിയ കാര്‍മ്മികരാണ് കല്‍പ്പടവുകളോട് ചേര്‍ന്ന് ചാക്ക് വെള്ളത്തില്‍ പൊന്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശ്വാസികളെത്തി ചാക്ക് പുറത്തെടുത്തപ്പോഴാണ് പട്ടിയുടെ ജഡം ചാക്കില്‍ കണ്ടെത്തിയത്.
ചാക്കില്‍ കല്ലുകെട്ടി താഴ്ത്തിയ ജഡം ചീഞ്ഞപ്പോള്‍ പൊന്തിവന്നതാണെന്നാണ് സൂചന. കഴിഞ്ഞ 7-ന് ഇവിടെ പ്രതിഷ്ഠാ മഹോത്സവവും 12-ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവവും നടത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് സാഹചര്യത്തില്‍ മാറ്റിവച്ചിരുന്നു. ചാക്ക് പൊന്തിയ കടവിലാണ് ആറാട്ട് നടക്കേണ്ടിയിരുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാല്‍, കുന്നത്തുനാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ടി. ഷാജന്‍ എന്നിവര്‍ പരിശോധന നടത്തി കേസെടുത്തു. പുത്തന്‍കുരിശില്‍ നിന്ന് വെറ്റിനറി ഡോക്ടറെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി. പത്ത് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ പ്രകടനവും യോഗവും നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുളം വറ്റിച്ച് ശുദ്ധക്രിയകള്‍ നടത്തുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.