കോട്ടയം: കോട്ടയം വൈക്കത്ത് സ്‌കൂട്ടറിന് കുറുകെ തെരുവ് നായ ചാടി ഉണ്ടായ അപകടത്തിൽ യുവ അഭിഭാഷകന് പരിക്ക്. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വൈക്കം വടക്കേനട കൊച്ചാലും ചുവടുഭാഗത്ത് വെച്ചായിരുന്നു അപകടം. വലത് കാലിന്‍റെ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്കേറ്റു. അപകടത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ട് പല്ലും നഷ്ടമായി. മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാർത്തിക്.
കോട്ടയത്ത് പന്ത്രണ്ട് തെരുവ് നായകളെ ചത്തനിലയിൽ കണ്ടെത്തി. കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്ത് കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.
മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായയുടെ കടിയേറ്റുവെന്നാണ്. കഴിഞ്ഞ ദിവസം ഭർത്താവിന്‍റെ വീട്ടിലേയ്ക്കു നടന്നു പോയ വീട്ടമ്മയെയും നായ ആക്രമിച്ചിരുന്നു. അതേസമയം കോട്ടയത്ത് നായകള്‍ കൂട്ടത്തോടെ ചത്തതില്‍ പ്രതിഷേധിച്ച് മൃഗസ്നേഹികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട നായകള്‍ എല്ലാം പേ പിടിച്ചവയല്ലെന്നാണ് തെരുവ് നായകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്ത്യ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സമൂഹത്തില്‍ മോശമായ രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളാണ് കാരണമാകുന്നത് എന്ന് സംഘടനയുടെ കോഡിനേറ്റര്‍ അമ്മു സുധി പ്രതികരിച്ചു.
നിലവില്‍ രാജ്യത്ത് ഒരു നിയമമുണ്ട്, അതിന് അനുസരിച്ചുള്ള കാര്യങ്ങളാണ് തെരുവ് നായ ശല്യം ഒഴിവാക്കാന്‍ ചെയ്യേണ്ടത് എന്നാണ് ആനിമല്‍ ലീഗല്‍ ഫോഴ്സ് പറയുന്നത്. നായകളെ വന്ധീകരിക്കാനുള്ള പദ്ധതി മികച്ചതാണ് അത് കേരളത്തില്‍ നടപ്പിലാക്കിയത് പാളിപ്പോയി. അതിന്‍റെ നടത്തിപ്പിന്‍റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് വാങ്ങിയ സംഘടന കൂടിയാണ് ആനിമല്‍ ലീഗല്‍ ഫോഴ്സ്. ശാസ്ത്രീയമായി വെറ്റിനറി ഡോക്ടര്‍മാരെ ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കണം എന്നാണ് ഇവരുടെ ആവശ്യം.