കൊച്ചി:സർക്കാർ പണം നൽകാത്തതിനാൽ, തെരുവു നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കേണ്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രതിസന്ധിയിൽ. തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുമ്പോഴും കമ്മിറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് നൽകാൻ സർക്കാർ തയാറായിട്ടില്ല.
ഫണ്ട് ലഭിക്കാത്തതിനാൽ കമ്മിഷന്റെ പ്രവർത്തനത്തിനു തടസ്സം നേരിടുന്നതായി ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. ഓഫിസിൽ ഫോൺപോലും ഇല്ലാത്ത അവസ്ഥയാണ്. വൈഫൈ ഇല്ലാത്തതിനാൽ ഇ–മെയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. 5500 ഓളം അപേക്ഷകളാണ് കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്. ഇതിൽ 818 കേസുകൾ പരിശോധിച്ചു. 749 എണ്ണത്തിൽ നഷ്ടപരിഹാരം കണക്കാക്കി സർക്കാരിനു കൈമാറി. തദ്ദേശ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നൽകേണ്ടത്. പരാതികൾ നൽകുന്നവർക്ക് നോട്ടിസ് അയയ്ക്കാൻ ജസ്റ്റിസ് സിരിജഗന് സ്വന്തം കയ്യിൽനിന്ന് ചെലവായത് ഒന്നര ലക്ഷം രൂപയാണ്. പരാതി ലഭിച്ചാൽ ആദ്യം നോട്ടിസ് അയയ്ക്കും. പിന്നീട് സിറ്റിങ് തീയതി തീരുമാനിച്ച് രണ്ടാമത് നോട്ടിസ് അയയ്ക്കും. ഒരു പരാതിയിൽ നോട്ടിസ് അയയ്ക്കുന്നതിന് 180 രൂപയാണ് ചെലവ്.
ഫണ്ട് ലഭിക്കാത്തതിനാൽ ജില്ലകളിലെ സിറ്റിങ് ഇപ്പോൾ നടക്കുന്നില്ല. ടിഎ, ഡിഎ, ഗസ്റ്റ് ഹൗസിലെ താമസത്തിനുള്ള പൈസ എന്നിവ ലഭിക്കാത്തതിനെ തുടർന്നാണ് ജില്ലകളിലെ സിറ്റിങ് നടക്കാത്തത്. തദ്ദേശവകുപ്പാണ് പ്രവർത്തനത്തിനുള്ള പണം നല്‍കേണ്ടത്. ജസ്റ്റിസ് സിരിജഗനെ കൂടാതെ സെക്രട്ടറിയും ക്ലാർക്കും പ്യൂണുമാണ് ഓഫിസിലുള്ളത്. ക്ലാർക്കും പ്യൂണും നഗരസഭ ജീവനക്കാരാണ്. സെക്രട്ടറി സർക്കാരിൽനിന്ന് ഡെപ്യുട്ടേഷനിൽ പ്രവർത്തിക്കുന്നതാണ്. നഗരസഭയുടെ കെട്ടിടത്തിലാണ് പ്രവർത്തനം.
കൂടുതൽ ജീവനക്കാർ വേണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. ഓണറേറിയവും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ്. സർക്കാരിനെ ഇക്കാര്യങ്ങൾ പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ജില്ലകളിൽ പോകാൻ കഴിയാത്തതിനാൽ ഇപ്പോൾ ആളുകളെ ഓഫിസിലേക്കു വിളിച്ചു വരുത്തുകയാണ്. ഇത്തരമൊരു സംവിധാനം ഉണ്ടെന്ന് പലർക്കും അറിയാത്തത് പരാതികളുടെ എണ്ണം കുറയാനിടയാക്കിയതായി ജസ്റ്റിസ് സിരിജഗൻ പറഞ്ഞു. സിരിജഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.
തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റാൽ കമ്മിറ്റിക്കു പരാതി നൽകേണ്ടത് ഇങ്ങനെ: തെരുവുനായ ആക്രമിക്കുകയോ തെരുവുനായ കാരണം വാഹനാപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ അപേക്ഷ കടലാസിൽ എഴുതി നൽകാം. അപേക്ഷയോടൊപ്പം ചികിൽസ തേടിയ ആശുപത്രിയിലെ ബില്ലുകൾ, ഒപി ടിക്കറ്റ്, മരുന്നുകളുടെ ബില്ല്, വാഹനത്തിന്റെ അറ്റകുറ്റപ്പണിക്കു ചെലവായ തുക എന്നിവ സിരിജഗൻ കമ്മിറ്റിയുടെ ഓഫിസിലേക്ക് അയയ്ക്കണം.
ജസ്റ്റിൻ സിരിജഗൻ കമ്മിറ്റി, യുപിഎഡി ബിൽഡിങ്, പരമാര റോഡ്, കൊച്ചി–682018 എന്നതാണ് വിലാസം. അപേക്ഷ ലഭിച്ചാൽ പരാതിക്കാരനെ കൊച്ചിയിലേക്ക് ഹിയറിങിനായി വിളിക്കും. വക്കീലിന്റെയോ മറ്റു സഹായികളുടെയോ ആവശ്യമില്ല. നേരിട്ട് കമ്മിറ്റിക്കു മുന്നിൽ പരാതികൾ ഉന്നയിക്കാം. പരാതി ന്യായമാണെന്നു ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ട തദ്ദേശ സ്ഥാപനത്തിനു നോട്ടിസ് അയയ്ക്കും. അവരുടെ ഭാഗംകൂടി കേട്ടശേഷം നഷ്ടപരിഹാരം വിധിക്കും.
സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. തിരുവനന്തപുരം–47,829, കൊല്ലം–50869, പത്തനംതിട്ട–14080, ആലപ്പുഴ–19249, കോട്ടയം–9915, ഇടുക്കി–7375, എറണാകുളം– 14155, തൃശൂർ–25277, പാലക്കാട്–29898, മലപ്പുറം–18554, കോഴിക്കോട്–14044,വയനാട്–6907, കണ്ണൂർ–23666, കാസർകോട്–8168. 2021–22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പേർക്ക് തെരുവുനായയുടെ കടിയേറ്റത് തിരുവനന്തപുരത്താണ്–3411.