ഡോ. ഉമർ മുഹമ്മദ് ഷൂ ബോംബർ?; കാറിൽനിന്ന് `മദർ ഓഫ് സാത്താൻ` സ്ഫോടകവസ്തു കണ്ടെത്തി

സ്‌പോര്‍ട്‌സ് ഷൂവും ഒരു തുണിക്കഷ്ണവും; ചാവേര്‍ ഡോ. ഉമര്‍ മുഹമ്മദ് തന്നെയെന്ന് ഉറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി:ചെങ്കോട്ടയില്‍ 12 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും കാരണമായ മാരകമായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഡോ. ഉമര്‍ മുഹമ്മദ് ഒരു ‘ഷൂ ബോംബര്‍’ ആയിരുന്നിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്ത പുതിയ ഫോറന്‍സിക്, ഭൗതിക തെളിവുകള്‍ ഡോ. ഉമറിന്റെ i20 കാറില്‍നിന്ന് കണ്ടെത്തിയ ഒരു ഷൂവിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

അന്വേഷണസംഘം ഇപ്പോള്‍ ഇതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്‌ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വാഹനത്തിന്റെ വലതുവശത്തെ മുന്‍ ടയറിനടുത്തുള്ള ഡ്രൈവിംഗ് സീറ്റിനടിയില്‍നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഷൂ കണ്ടെടുത്തത്. അതിനുള്ളില്‍നിന്ന് ലോഹം പോലെയുള്ള ഒരു വസ്തു കണ്ടെടുത്തിട്ടുണ്ട്.

ഇതുവരെയുള്ള അന്വേഷണമനുസരിച്ച്, സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത് ഈ വസ്തുവാണെന്നാണ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്.  അതിതീവ്ര  സ്‌ഫോടനശേഷിയുള്ള, ‘മദര്‍ ഓഫ് സാത്താന്‍’ എന്ന് വിളിക്കപ്പെടുന്ന TATP(ട്രയാസിറ്റോൺ ട്രൈപെറോക്‌സൈഡ്‌) എന്ന സ്‌ഫോടകവസ്തുവിന്റെ അംശം കാറിന്റെ ടയറിലും ഷൂവിലും കണ്ടെത്തിയിട്ടുണ്ട്. ഇത്, സ്‌ഫോടനം നടത്താനായി ഉമര്‍ തന്റെ പാദരക്ഷയില്‍ ഒരു ഉപകരണം ഒളിപ്പിച്ചിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഒരു വലിയ ആക്രമണത്തിനായി ജയ്‌ഷെ ഭീകരര്‍ ഗണ്യമായ അളവില്‍ TATP സംഭരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ TATPയും അമോണിയം നൈട്രേറ്റും ചേര്‍ന്ന മിശ്രിതമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. കാറിന്റെ പിന്‍സീറ്റിനടിയില്‍നിന്ന് ലഭിച്ച തെളിവുകള്‍ അവിടെയും കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു.

അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന്‍ വഴിയാണ് 20 ലക്ഷം രൂപ ഭീകരസംഘത്തിന് കൈമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഡല്‍ഹി സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനുള്ള പണം കൈപ്പറ്റാന്‍ സഹായിച്ചത് ഇവരാണെന്നും ആരോപണമുണ്ട്.

തെളിവുകളുടെ അടിസ്ഥാനത്തില്‍, 2001 ഡിസംബറില്‍ റിച്ചാര്‍ഡ് റീഡ് നടത്തിയ ചാവേര്‍ ബോംബാക്രമണ ശ്രമവുമായി ഈ സംഭവത്തിന് സാമ്യമുള്ളതായി ഏജന്‍സികള്‍ പറയുന്നു. പാരീസില്‍നിന്ന് മയാമിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ച് ഷൂസില്‍ ഒളിപ്പിച്ച TATP പൊട്ടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കുപ്രസിദ്ധനായ ‘ഷൂ ബോംബര്‍’ ആയിരുന്നു റിച്ചാര്‍ഡ് റീഡ്.

ഈ കേസിലെ സ്‌ഫോടകവസ്തുക്കളുടെ രീതിക്കും സ്ഥാനത്തിനും റീഡിന്റെ രീതിയോട് സാമ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചെങ്കോട്ട സ്‌ഫോടനം നടത്താന്‍ ഉമറും സമാനമായ രീതിയാണ് സ്വീകരിച്ചതെന്നാണ് കരുതുന്നത്. ചെങ്കോട്ടയിലെ ആക്രമണത്തിന് തീവ്രവാദികള്‍ ഉപയോഗിച്ച രീതി മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഡല്‍ഹി സ്‌ഫോടനത്തെത്തുടര്‍ന്ന് തകര്‍ക്കപ്പെട്ട ജയ്‌ഷെ ഭീകരസംഘം, ‘ഡി-6’ എന്ന രഹസ്യനാമത്തില്‍ പല നഗരങ്ങളിലും ഇരട്ട ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ വിവിധ നഗരങ്ങളില്‍ ആക്രമണം നടത്തുക എന്നതായിരുന്നു അവരുടെ ‘പ്ലാന്‍ എ’. അത് പരാജയപ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ആക്രമണം നടത്തുക എന്നതായിരുന്നു ‘പ്ലാന്‍ ബി’, അത് അവര്‍ നടപ്പിലാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News