ചൂതാട്ടത്തില്‍ ജയിക്കാന്‍ ഭാര്യയെ ‘നരബലി’ കൊടുത്ത് ഡോക്ടര്‍! കൊലപ്പെടുത്തിയത് മരുന്ന് കുത്തിവെച്ച്

ബംഗളൂരു: ചൂതാട്ടത്തില്‍ ജയിക്കുന്നതിന് വേണ്ടി ഭാര്യയെ ‘നരബലി’ നടത്തി ഡോക്ടര്‍. കര്‍ണാടകത്തില്‍ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ ചെന്നേശപ്പ (40) ആണ് ഭാര്യ ശില്‍പയെ (36) അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്.

പണം വെച്ച് കളിക്കുന്ന ചൂതാട്ടത്തില്‍ ജയിക്കാന്‍ നരബലി നല്‍കണമെന്ന സിദ്ധന്‍മാരുടെ ഉപദേശം വിശ്വസിച്ചാണ് കൊല നടത്തിയത്. ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റവാളി ചെന്നേശപ്പയാണെന്ന് കണ്ടെത്തിയത്. ഇയാളെ ന്യാമതി പൊലീസ് അറസ്റ്റുചെയ്തു. മന്ത്രവാദത്തില്‍ അതീവ വിശ്വാസമുണ്ടായിരുന്ന ചെന്നേശപ്പ ചില സിദ്ധന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചൂതാട്ടത്തില്‍ ഇയാള്‍ നിരന്തരം പങ്കെടുക്കാറുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 11-നാണ് സംഭവം. രക്തസമ്മര്‍ദം കുറഞ്ഞതിന് ചികിത്സയിലായിരുന്ന ഭാര്യയ്ക്ക് അതിനുള്ള മരുന്ന് അമിതയളവില്‍ ഡോക്ടര്‍ കുത്തിവെക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശില്‍പയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിച്ചെന്നായിരുന്നു ഇയാള്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്.

എന്നാല്‍, ശില്‍പയുടെ തോളില്‍ കുത്തിവെച്ച പാടും വായില്‍ രക്തത്തിന്റെ അംശവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ക്ക് സംശയം തോന്നുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News