ചെന്നൈ:കോവിഡ് കാരണം നാളുകളായി അടച്ചിട്ടേക്കുന്ന തിയേറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ തിരിച്ചെത്തിയ ചിത്രമായിരുന്നു ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ഡോക്ടര്‍. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ആക്ഷന്‍ കോമഡി ചിത്രം ഒക്ടോബര്‍ 9നാണ് തിയറ്ററുകളിലെത്തിയത്. റിലീസ് ദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ചിത്രം തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമാണ് പകര്‍ന്നത്.
‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലെത്തിയ തെലുങ്ക് പതിപ്പും വന്‍ ജനപ്രീതിയാണ് നേടിയത്. തിയറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്നലെ സണ്‍ ടിവിയില്‍ ആയിരുന്നു. വൈകിട്ട് 6.30നായിരുന്നു ടെലിവിഷന്‍ പ്രീമിയര്‍. ഇതിനു പിന്നാലെ ഒടിടി പ്രീമിയറിനും ഒരുങ്ങിയിരിക്കുകയാണ് ചിത്രം.
സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഒടിടി പ്ലാറ്റ്‌ഫോം ആയ സണ്‍ നെക്സ്റ്റിലും ഒപ്പം നെറ്റ്ഫ്‌ളിക്‌സിലും ചിത്രം ഒരേസമയം റിലീസ് ചെയ്യപ്പെടുകയാണ്. ഇന്നു രാത്രി 12ന് ഇരു പ്ലാറ്റ്‌ഫോമുകളിലും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട ചിത്രമായിരുന്നു ഇത്.
ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ് ആണ്. കഴിഞ്ഞ മാസം അവസാനത്തോടെ തിയറ്ററുകള്‍ തുറന്ന കേരളത്തിലും ഡോക്ടര്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇവിടെയും മികച്ച പ്രതികരണമാണ് നേടിയത്.