ചെറു പ്രായത്തിലെ പീഡനത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദമ്പതികളുടെ അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ് വൈറലാകുന്നു. പകര്‍ച്ചവ്യാധികളേക്കാള്‍ അധികം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഭാര്യ ഭര്‍ത്താവിന് മുന്നില്‍ മനസ് തുറന്നത്. ചെറുപ്രായത്തില്‍ ഉണ്ടായ ദുരനുഭവമാണ് ഭാര്യയുടെ മനസില്‍ ഇപ്പോഴും. നഴ്‌സറി സ്‌കൂളി പഠിക്കുമ്പോഴായിരിന്നു ആദ്യ ദുരനുഭവം. വീട്ടില്‍ പണിക്ക് വന്ന ചേട്ടനാലായിരിന്നു ആദ്യ പീഡനം. പിന്നീട് എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ വലിയച്ചന്റെ മോനായിരിന്നു വില്ലന്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
(Warning Child abuse content ഉണ്ട്.)’കല്യാണം കഴിഞ്ഞിട്ടിപ്പൊ രണ്ടു വര്‍ഷമായി. പക്ഷെ ഇതുവരെയും ശരിക്കുള്ള etnry പോലും നടന്നിട്ടില്ല എന്നതാണ് അവസ്ഥ. അവള്‍ക്ക് സെക്സിനോടെന്തോ വലിയ പേടിയാണ്.’ സുഹൃത്ത് മെസേജില്‍ പറഞ്ഞു.രണ്ടു വര്‍ഷമായിട്ടും ഇതുവരെയും ഇക്കാര്യം സീരിയസായിട്ടെടുക്കാത്തതില്‍ എനിക്കതിശയം തോന്നി. അതിനുത്തരമായി സുഹൃത്ത് തുടര്‍ന്നു,
‘കാര്യത്തോടടുക്കുമ്പൊ ഭയങ്കര വേദനയെന്നാണ് പറയുന്നത്.. Foreplay ഒക്കെ ചെയ്യുണ്ട്. പക്ഷെ, പിന്നെ സമ്മതിക്കില്ല. പതിയെ ശരിയാവുമെന്ന് കരുതി. ചില ജെല്ലൊക്കെ യൂസ് ചെയ്ത് നോക്കി. എന്നിട്ടും നോ രക്ഷ..’കേട്ടപ്പോള്‍ വജൈനിസ്മസ് (ബന്ധപ്പെടുമ്പോള്‍ വജൈന വേദനയോടെ ചുരുങ്ങുന്ന അവസ്ഥ) ആയിരിക്കാം പ്രശ്നമെന്നെനിക്ക് തോന്നി. സെക്സെന്നാല്‍ വേദനാജനകമായ ഒരു സംഗതിയാണെന്ന്, കൂട്ടുകാരില്‍ നിന്നവള്‍ കല്യാണത്തിന് മുമ്പ് മനസിലാക്കി വച്ചിരുന്നുവത്രേ. അതും ഒരു ഘടകമാകാമെന്ന് കരുതി. എന്തായാലും ഇതിന് ചികിത്സ വേണം. അറിയാവുന്ന ഒരു ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് അവരെ അയച്ചു. ഗൈനക് ഡോക്ടര്‍ കണ്ടിട്ട്, മറ്റാരെയെങ്കിലും കാണേണ്ടതുണ്ടെങ്കില്‍ പറയുമെന്നും പറഞ്ഞു. കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞപ്പോള്‍ ഇരുവരും വളരെ ഹാപ്പിയായിരുന്നു. ഡോക്ടറോട് വളരെ കംഫര്‍ട്ടബിളായി സംസാരിക്കാന്‍ പറ്റിയെന്നൊക്കെ പറഞ്ഞു. ഒരു ജെല്‍ തന്നു, കുറച്ചു ദിവസം നോക്കിയിട്ടും പറ്റിയില്ലേല്‍ ചെറിയൊരു പ്രൊസീജര്‍ ചെയ്യാമെന്ന് പറഞ്ഞു എന്നും. പക്ഷെ, ആ ഡോക്ടര്‍ പറഞ്ഞ മാര്‍ഗങ്ങളും ജെല്ലും ഒന്നും ഫലം ചെയ്തില്ല. ഒരു വ്യത്യാസവുമില്ല. രണ്ടാളും ഹെവിലി ഫ്രസ്ട്രേറ്റഡായി. ഇനിയിത് ഒരിക്കലും ശരിയാവില്ലേയെന്ന് സംശയിച്ച് അവനവനോടും പരസ്പരവും ദേഷ്യം തോന്നിത്തുടങ്ങി. ദേഷ്യവും സങ്കടവും നിറഞ്ഞുനിന്ന ഒരു ദിവസം അവള്‍ പറഞ്ഞു,
‘I was sexually abused by someone..’അവന്‍ ഞെട്ടി. ‘ആര്?! എപ്പൊ?!’ അവന്‍ ചോദിച്ചു. അവളാ കാര്യങ്ങള്‍ ആദ്യമായി ഒരാളോട് പറയുകയാണ്.. വളരെ കുഞ്ഞായിരുന്നപ്പോഴാണ്. ഞാന്‍ നഴ്സറി സ്‌കൂളില്‍ പഠിക്കുമ്പോ. വീട്ടിലെന്തോ പണിക്ക് വന്ന ഒരാള്‍ അവിടെ പിടിച്ചു. രണ്ടുവട്ടം.. ഭയങ്കര വേദനയായിരുന്നു. ഞാന്‍ എതിര്‍ത്തുനോക്കി. ഞാന്‍ കുറേ കരഞ്ഞു.. അമ്മയോട് പറയാനും പേടിയായിരുന്നു. അമ്മ എപ്പോഴും വഴക്കു പറയും. തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിക്കും. ഇത് പറഞ്ഞാലും അടി എനിക്കായിരിക്കും കിട്ടുന്നത്.. അതോണ്ട് ആരോടും പറഞ്ഞില്ല. ആ സംഭവം കഴിഞ്ഞ് കുറച്ചു നാള്‍ കഴിഞ്ഞപ്പൊ എന്റെ വലിയച്ഛന്റെ മോനും.. അന്ന് ഞാന്‍ LP സ്‌കൂളിലായി. അയാള്‍ പിന്നെ പലപ്രാവശ്യം.. ഒരിക്കല്‍ പെറ്റിക്കോട്ടില്‍ രക്തമായി. അതിനുശേഷം രക്തം കണ്ടാല്‍ തന്നെ പേടിയായിരുന്നു. പിറകിലെപ്പോഴും ആരോ ഫോളോ ചെയ്യുമ്പോലെയൊക്കെ തോന്നും. ആ പേടിയൊക്കെ കല്യാണത്തിന് കുറെ നാള്‍ മുമ്പ് വരെയും ഉണ്ടായിരുന്നു. അതു മാറിയപ്പൊ ഇതൊക്കെ മറന്നുവെന്നാണ് വിചാരിച്ചത്.. ഇങ്ങനെയൊക്കെ ആവുമെന്ന് ഞാന്‍ കരുതീല്ല.. ചേട്ടനോട് (Husband) പറഞ്ഞാലെങ്ങനെ എടുക്കുമെന്ന് പേടിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത്.. സുഹൃത്ത് രാത്രിയിലെനിക്ക് മെസേജയച്ചു, സംഗതി കുറച്ച് സീരിയസാണെന്ന് പറഞ്ഞു. കാര്യങ്ങളെല്ലാം പറഞ്ഞു. ഈ അവസ്ഥയില്‍ അവര്‍ക്കൊരു സൈക്യാട്രിസ്റ്റിന്റെ സഹായമാണത്യാവശ്യമെന്ന് തോന്നി. പിറ്റേന്ന് തന്നെ ഗൈനക് ഡോക്റ്ററെയും കണ്ടു, സൈക്യാട്രിസ്റ്റിന്റെ അപ്പോയ്മെന്റും എടുത്തു. കഴിഞ്ഞ കുറച്ചു ദിവസമായിട്ടവര്‍ സൈക്യാട്രിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സയിലാണ്.
ഭര്‍ത്താവിനോട് തുറന്നു പറഞ്ഞപ്പോഴുണ്ടായ ആത്മവിശ്വാസത്തിലോ ആശ്വാസത്തിലോ ഇക്കാര്യങ്ങള്‍ അടുത്ത സുഹൃത്തായ അനിയത്തിയോടും അവള്‍ പറഞ്ഞു. അപ്പോഴാണ് ഞെട്ടിക്കുന്ന പലതും വീണ്ടും പുറത്ത് വരുന്നത്. ഇതേ വലിയച്ഛന്റെ മകന്‍ അനിയത്തിയെയും അബ്യൂസ് ചെയ്തിട്ടുണ്ടെന്ന്.. ഓറല്‍ സെക്സ് വരെ ചെയ്യിച്ചിട്ടുണ്ട് എന്ന്..ഇതൊക്കെ കേട്ടിട്ട് എനിക്കു തന്നെ വല്ലാണ്ടായി. ആ വലിയച്ഛന്റെ മകന്‍ അടുത്ത് തന്നെയാണത്രേ താമസം. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഇപ്പോഴും ആ വീട്ടുകാരോടും ഈ കുട്ടികളോടും ഇടപഴകുന്നുണ്ട്. ഉള്ളില്‍ അറപ്പും വച്ച്, ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഈ ഡാഷ് മോനോടൊക്കെ പെരുമാറേണ്ട ഗതികേടാണീ കുട്ടികള്‍ക്ക് ഇപ്പോഴും.. അറിവില്ലാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളോട് ഇതുപോലുള്ള പീഡോഫീലിക് നരാധമന്‍മാര്‍ കാട്ടിക്കൂട്ടുന്ന രതിവൈകൃതങ്ങള്‍ എത്രത്തോളം കുട്ടികളുടെ ‘മനസിനെ’ മുറിപ്പെടുത്തുമെന്നതിന് ഒരുദാഹരണം മാത്രമാണീ അനുഭവം. കല്യാണം കഴിഞ്ഞ് 2 വര്‍ഷത്തിലധികമായിട്ടും സെക്സിനെ ഇത്ര ഭയക്കണമെങ്കില്‍, ഉപബോധമനസില്‍ അന്നതെത്ര വലിയ ട്രോമയാണുണ്ടാക്കിയിരിക്കുകയെന്ന് ഊഹിക്കാന്‍ തന്നെ പ്രയാസം. ഇവിടെ ശരിക്കും ആരാണ് കുറ്റക്കാര്‍..? ആ പണിക്കാരനും വലിയച്ഛന്റെ മകനും? അമ്മയും അച്ഛനും? കുഞ്ഞുങ്ങള്‍ക്ക് സ്വയം സുരക്ഷയ്ക്കുള്ള മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കാത്ത അധ്യാപകര്‍? ഒട്ടും സൗഹാര്‍ദ്ദപരമല്ലാത്ത കുടുംബാന്തരീക്ഷം? ഞാനൊരു വിധികര്‍ത്താവൊന്നുമാകുന്നില്ല. പക്ഷെ ആ കുറ്റവാളികള്‍ക്ക് മാത്രമല്ല ബാക്കിയുള്ളവര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിചാരിക്കുകയും ചെയ്യുന്നു.
ഇപ്പോളേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ് ‘Welcome Home’. അതിന്റെ ഫൈനല്‍ ടൈറ്റില്‍ കാര്‍ഡില്‍ ഇങ്ങനെ എഴുതിക്കാണിക്കുന്നുണ്ട് ‘60% of Child Sexual Abuse Cases are Committed by Persons Known to the Child. 90% of Child Abuse Cases Go Unreported. 39000 cases reported in 2018’ എന്നുവച്ചാല്‍ ഇതൊരു വലിയ വിപത്താണെന്ന്. ഏതെങ്കിലുമൊരു പകര്‍ച്ച വ്യാധിയുണ്ടാകുന്നതിനേക്കാള്‍ അധികം കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രമല്ല, അതേ അളവില്‍ തന്നെ ആണ്‍കുട്ടികളും പീഡനങ്ങള്‍ക്കിരയാവുന്നുണ്ട്. അതോ, കുഞ്ഞുങ്ങള്‍ക്ക് വളരെ അടുത്തറിയാവുന്ന, ചിലപ്പോള്‍ ആ വീട്ടിലെ വളരെ വേണ്ടപ്പെട്ട വ്യക്തിയില്‍ നിന്നാവും കൂടുതല്‍ കുട്ടികളും പീഡനത്തിനിരയാവുന്നതെന്ന്.. അങ്ങനെയുള്ള 90% സംഭവങ്ങളും ആരുമറിയുന്നില്ല. ആരുമറിയാത്ത ആ 90%ലെ രണ്ടിരകളെയാണ് മുകളില്‍ നമ്മള്‍ കണ്ടത്. നമ്മള്‍ മനസുവച്ചാല്‍ ഒരു പരിധി വരെ ഇതൊക്കെ തടയാന്‍ കഴിയും. അതിന് രണ്ടുകാര്യങ്ങള്‍ പ്രധാനമായും വേണം, 1. സെക്സ് എഡ്യൂക്കേഷന്‍ 2. കുട്ടികളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രക്ഷകര്‍ത്താക്കള്‍. ങേ.. പൊടിക്കുഞ്ഞുങ്ങള്‍ക്കും സെക്സ് എഡ്യൂക്കേഷനോ! എന്നോര്‍ത്ത് ഞെട്ടണ്ടാ. ഒരു 3 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ചിലകാര്യങ്ങള്‍ നമ്മള്‍ പറഞ്ഞു കൊടുക്കണം. 1.നിങ്ങളുടെ കുഞ്ഞിന്റെ ചുണ്ട്, നെഞ്ച്, മൂത്രമൊഴിക്കുന്ന ഭാഗങ്ങള്‍, പിറകുവശം എന്നിവിടങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് എന്നു പറഞ്ഞു കൊടുക്കുക.
അമ്മയോ അച്ഛനോ അല്ലാതെ മറ്റാരെയും അതിന് അനുവദിക്കരുതെന്ന് തന്നെ പറയുക. ‘ആരെയും’ എന്നത് കുട്ടികള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ തന്നെ പറഞ്ഞു കൊടുക്കണം. ഉദാ: നമ്മുടെ വലിയച്ഛന്റെ മോന്‍ ഉണ്ണിക്കുട്ടനായാലും മോള്‍ക്കന്ന് മുട്ടായി കൊണ്ടു തന്ന ബുള്ളറ്റ് ചേട്ടനായാലും… ഇങ്ങനെയിങ്ങനെ.
(ഒരു ഡോക്ടര്‍ക്ക് പോലും പരിശോധനയുടെ ഭാഗമായി ആ ഭാഗങ്ങളില്‍ തൊടാന്‍ അമ്മയുടേയോ, അച്ഛന്റെയോ സാന്നിധ്യത്തില്‍ അവരുടെ സമ്മതത്തോടെ മാത്രമേ പറ്റൂ) 2. സ്വകാര്യഭാഗങ്ങളില്‍ തൊട്ടുള്ള കളികള്‍ കളിക്കുവാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അത് നല്ല കളിയല്ലെന്നും, ആ കളി കളിക്കുന്നവരോട് കൂട്ടു പാടില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അതുവന്നു അന്നു തന്നെ വീട്ടില്‍ പറയണമെന്നും കുട്ടികളെ പഠിപ്പിക്കണം. 3. ഇനി മറ്റാരെങ്കിലും ഈ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാല്‍ ഉറക്കെ തന്നെ ‘തൊടരുത്’ ‘ഓടിവരണേ’ ‘രക്ഷിക്കണേ’ എന്നൊക്കെ നിലവിളിക്കാന്‍ പറയുക. അവിടുന്ന് എത്രയും വേഗം അച്ഛനമ്മമാരുടെയോ അടുത്തറിയാവുന്ന മറ്റാരുടെയെങ്കിലും അടുത്തെത്താന്‍ പറയണം.4. കൂടാതെ മറ്റൊരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുവാന്‍ കുട്ടികളെ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അങ്ങനെ ചെയ്യരുതെന്നും അതും വീട്ടില്‍ വന്നു അച്ഛനോടോ അമ്മയോടൊ പറയണമെന്നും പറഞ്ഞു കൊടുക്കണം. 5. ഒരു വസ്തുവും ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ തൊടുവാന്‍, അത് കളിയുടെ രൂപത്തിലാണെങ്കിലും, ആരു നിര്‍ബന്ധിച്ചാലും ചെയ്യരുതെന്ന് പറഞ്ഞു കൊടുക്കണം. 6. പരിചയമില്ലാത്തവര്‍ എന്ത് തന്നാലും വാങ്ങി കഴിക്കരുത് എന്ന് പറയണം. മിട്ടായി, ഐസ് ക്രീം കളിപ്പാട്ടങ്ങള്‍ അങ്ങനെ എന്താണേലും. ഇനിയെന്തെങ്കിലും സംഭവിച്ചാലും, കുട്ടികള്‍ക്ക് അവരുടെ ലെവലില്‍ നിന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന രക്ഷകര്‍ത്താക്കള്‍ ഇല്ലെങ്കിലും മേല്‍പ്പറഞ്ഞ അനുഭവം പോലെ, ഒക്കെ ആവര്‍ത്തിക്കപ്പെടും.
അച്ഛനുമമ്മയും അധ്യാപകരും എല്ലാം രക്ഷകര്‍ത്താക്കളാണ്. അവര്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക മാത്രം പോരാ, 1. കുട്ടികളുടെ സ്വഭാവത്തിലോ, പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങള്‍ തിരിച്ചറിയണം. ശ്രദ്ധക്കുറവോ ഇടപഴകുന്നതിലോ പഠനത്തിലോ എന്തെങ്കിലും വ്യത്യാസമോ ഒക്കെ കണ്ടാല്‍ ഉടനെ തന്നെ കാര്യങ്ങള്‍ ചോദിച്ചു അറിയാന്‍ ശ്രമിക്കണം.
2.’അമ്മ/ അച്ഛന്‍ മോളെ/മോനെ വഴക്കു പറയില്ല. എന്ത് തന്നെ ആയാലും മോള്‍/മോന്‍ പറഞ്ഞോ’ ‘അമ്മ/ അച്ഛന്‍ മോളെ/ മോനെ അടിക്കില്ല.’ എന്നൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചു കാര്യം അറിയുവാന്‍ ശ്രമിക്കുക. 3. എന്നിട്ടും അവര്‍ തുറന്നു പറയുന്നില്ലെങ്കില്‍ ഒരു ചൈല്‍ഡ് സൈക്കോളജിസ്റ്റിന്റെ സഹായം വേണ്ടി വരും. അധ്യാപകരാണ് തിരിച്ചറിയുന്നതെങ്കില്‍ മാതാപിതാക്കളെ ഇക്കാര്യം ആദ്യം ധരിപ്പിച്ചതിന് ശേഷം സൈക്കോളജിസ്റ്റിനെ കാണുക. 4. അങ്ങനെ ഒരു മോശം അനുഭവം ആരില്‍ നിന്നെങ്കിലുമുണ്ടായിട്ടുണ്ടെന്ന് മനസിലായാല്‍ കുട്ടികളെ ഒരു കാരണവശാലും കുറ്റപ്പെടുത്തരുത്. അവരോട് എംപതിയോടെ മാത്രം പെരുമാറണം. പക്ഷെ സംഭവം ഉടനെ പോലീസില്‍ അറിയിക്കണം. വാളയാറിലെ കുഞ്ഞുങ്ങള്‍ ഇപ്പോഴും നമ്മുടെ നെഞ്ചിലെ ഒരു നോവാണ്. അതുപോലെ, അല്ലെങ്കില്‍ ഇതുപോലെ എത്രയെത്ര കുഞ്ഞുങ്ങള്‍ നമ്മുടെ അയല്‍പ്പക്കങ്ങളില്‍, നമ്മുടെ തന്നെ വീടുകളില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടാവും? ഈ പീഡോഫീലിക് പെര്‍വര്‍ട്ടുകളെ (ഇത് ചെയ്യുന്ന എല്ലാവരും പീഡോഫൈലുകള്‍ അല്ലാ.. Heterosexuals തന്നെയാണ് ഈ ക്രൈം ചെയ്യുന്നവരില്‍ അധികവും) വെറുതെ വിടാന്‍ പാടില്ലാ. മുകളില്‍ പറഞ്ഞ ആ ‘വലിയച്ഛന്റെ മകനെ’യും വെറുതെ വിടരുതെന്നാണ് ഞാനവരോട് പറഞ്ഞത്. പക്ഷെ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയെന്തു വേണമെന്ന് അവര്‍ തീരുമാനിക്കട്ടെ. എന്തിനും എല്ലാ പിന്തുണയും നമുക്ക് കൊടുക്കാം..