കൊല്ലം:കയ്യിലൊരു മൊബൈല്‍ ഫോണും യൂട്യൂബ് അക്കൗണ്ടോ ഉണ്ടെങ്കില്‍ ആര്‍ക്കെതിരെയും എന്തും വിളിച്ചുപറയാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ചാനലുകളാണ് കൊല്ലത്തെ യുവ ഡോക്ടര്‍ അനൂപിന് മരണത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം. ബന്ധുക്കളുടെയും ഐ.എം.എയുടെയും പരാതിയേത്തുടര്‍ന്ന് വിശദമായ അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിയ്ക്കുന്നത്.കിളിക്കൊല്ലൂര്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയവരെയും അധിക്ഷേപിച്ചവരെയും കണ്ടെത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.ഡോ.അനൂപിന്റെ മരണത്തിന് മുമ്പും പിമ്പും ചില യൂട്യൂബ് ഫേസ് ബുക്ക് പേജുകള്‍ വഴി നടന്ന അപവാദ പ്രചരണം പോലീസ് പരിശോധിച്ചുവരികയാണ്.ഡോക്ടര്‍ മരിച്ചതോടെ ഇത്തരം പ്രചാരകര്‍ കളംമാറ്റി ചവിട്ടിയ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുകഴിഞ്ഞു.
ഇത്തരത്തക്കാരുടെ ഇരട്ടത്താപ്പുകള്‍ വെളിവാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നുമുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണമാണ് ഡേക്ടറുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. ഒരാഴ്ചയായി തന്നെ കുറിച്ചും ആശുപത്രിയെ കുറിച്ചും കുടുംബത്തിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന ആരോപണങ്ങളില്‍ അനൂപ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു.ഡോക്ടറുടെ മൊബൈലും കോള്‍ ലിസ്റ്റും അനേഷണ സംഘം പരിശോധിക്കും. ആശുപത്രിയിലെത്തിയ നേതാക്കളെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
കൈത്തണ്ട മുറിച്ച ശേഷമായിരുന്നു അനൂപ് ആത്മഹത്യ ചെയ്തത്. കൈത്തണ്ട മുറിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം. കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമയാണ് അനൂപ്.
കഴിഞ്ഞ ആഴ്ച കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയ ചെയ്ത ഏഴുവയസുകാരിയാണ് അനൂപിന്റെ ആശുപത്രിയില്‍ മരണപ്പെട്ടത്. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ആശുപത്രിയിലെത്തുംമുമ്പ് കുട്ടി മരിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് പിന്നലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഡോക്ടറുടെ ആത്മഹത്യ.
ആശുപത്രിക്കുമുന്നില്‍ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ഫോണിലൂടെ ചിലര്‍ വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിനുശേഷം അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈസ്റ്റ് പോലീസില്‍ ഭാര്യ പരാതി നല്‍കുകയായിരുന്നു.
രാത്രി വൈകി അനൂപിനെ വര്‍ക്കലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പിന്നീട് വ്യാഴാഴ്ച ഉച്ചയോടെ അനൂപിനെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു.