ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുരളി വിജയും ദിനേശ് കാര്‍ത്തിക്കും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിന്‍റെ സൂപ്പര്‍ താരങ്ങളാണെങ്കിലും ഇരുവരും തമ്മില്‍ അത്ര നല്ല വ്യക്തിബന്ധമല്ല ഉള്ളതെന്ന് ആരാധകര്‍ക്ക് അറിയാം. തമിഴ്നാടിനായി ഒരുമിച്ച് കളിക്കുന്ന കാലത്ത് ദിനേശ് കാര്‍ത്തിക്കിന്‍റെ ആദ്യ ഭാര്യ നികിതയുമായി പ്രണയത്തിലായ മുരളി വിജയ് പിന്നീട് അവരെ വിവാഹം കഴിച്ചിരുന്നു. ഇതാണ് ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അകലാനുള്ള പ്രധാന കാരണം.
നികിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെയാണ് ദിനേശ് കാര്‍ത്തിക് പിന്നീട് വിവാഹം കഴിച്ചത്. അടുത്തിടെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു. വിജയ് ടെസ്റ്റ് ടീമിലും കാര്‍ത്തിക് വൈറ്റ് ബോള്‍ ക്രിക്കറ്റിലുമാണ് ഇന്ത്യക്കായി കൂടുതലും കളിച്ചത് എന്നതിനാല്‍ ഇരുവരും അപൂര്‍വമായി മാത്രമെ ഇന്ത്യക്കായി ഒരുമിച്ച് കളിച്ചിട്ടുള്ളു.
വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് വര്‍ഷമായി സജീവ ക്രിക്കറ്റിലില്ലാതിരുന്ന മുരളി വിജയ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു വിജയ് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടാണ് വിജയ് ഇപ്പോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക് ആകട്ടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യയുടെ ഫിനിഷറായി ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിച്ചി വാരിയേഴ്സിന്‍റെ കളിക്കാരനാണ് വിജയ് ഇപ്പോള്‍. ഈ മാസമാദ്യം നടന്ന തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ പക്ഷെ വിജയിന് തിളങ്ങാനായിരുന്നില്ല. 13 പന്തില്‍ എട്ട് റണ്‍സെടുത്ത് വിജയ് പുറത്തായി. ഇതിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ഡി കെ…ഡി കെ..വിളികളുമായി വിജയിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
#TNPL2022 DK DK DK ……
— Muthu (@muthu_offl) July 7, 2022
Murali Vijay reaction pic.twitter.com/wK8ZJ84351
എന്നാല്‍ ആരാധകരുടെ മുനവെച്ചുള്ള ഡി കെ വിളികളില്‍ പ്രകോപിതനാവാതിരുന്ന വിജയ് ആരധകര്‍ക്കു നേരെ തിരിഞ്ഞു നിന്ന് കൈയടിച്ച് പ്രതികരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 2020ലാണ് വിജയ് അവസാനം കളിച്ചത്. ദിനേശ് കാര്‍ത്തിക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണിപ്പോള്‍.