വേഷം മാറി ബൈക്കില്‍ ടൗണില്‍ കറങ്ങി പോലീസ് മേധാവി; പരിശോധിക്കാതെ പോലീസുകാര്‍, ഒടുവില്‍ കമ്മീഷണറെ തിരിച്ചറിഞ്ഞത് താക്കീത് കിട്ടിയതോടെ

കണ്ണൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് പോലീസുകാര്‍ കൃത്യമായി പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ ടൗണിലേക്ക് ഇറങ്ങിയ പോലീസ് മേധാവി കണ്ടെത്തിയത് കൃത്യനിര്‍വ്വഹണത്തിലെ ഗുരുതര വീഴ്ചകള്‍. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് ചുമതലപ്പെട്ട പോലീസുകാര്‍ കൃത്യമായി ഡ്യൂട്ടി നിര്‍വ്വഹിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോവന്‍ കണ്ടെത്തി.

വേഷംമാറി ബൈക്കില്‍ ‘കറങ്ങി’യാണ് കമ്മീഷണര്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാട്ടിയ നാലു പോലീസുകാരെ കമമീഷണറുടെ ഓഫീസില്‍ വിളിച്ചുവരുത്തി താക്കീതുനല്‍കി. ഞായറാഴ്ച വൈകീട്ടായിരുന്നു ആര്‍ ഇളങ്കോ ബൈക്കില്‍ വേഷംമാറി യാത്രചെയ്തത്.

ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെട്ടിപ്പീടിക, വളപട്ടണം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചാലില്‍ ബീച്ചിലുമാണ് കമ്മീഷണര്‍ കറങ്ങിയത്. പലതവണ കടന്നുപോയിട്ടും ബൈക്ക് തടയാനോ പരിശോധന നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തയാറായില്ല.

അതേസമയം, മറ്റു വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടോ എന്ന് കമ്മീഷണര്‍ നിരീക്ഷിച്ചെങ്കിലും ഫലം നിരാശയായിരുന്നു. തുടര്‍ന്ന് രണ്ടിടത്തും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരെയാണ് തിങ്കളാഴ്ച ഓഫീസില്‍ വിളിച്ചുവരുത്തി താക്കീതു ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News