ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ നാസർ ഹുസെയ്ൻ. ഓസ്ട്രേലിയയോടു വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് നാസർ ഹുസെയ്ന്റെ പ്രതികരണം. ‘‘ഇന്ത്യൻ ബാറ്റർമാരുടെ കാര്യത്തിൽ എനിക്കു നല്ല നിരാശയുണ്ട്. ഞാനിതു പറഞ്ഞാൽ ചിലപ്പോൾ അവരുടെ ആരാധകർ എന്റെ പിന്നാലെ വരുമായിരിക്കും. പക്ഷേ ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനേയും ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണിനേയും നോക്കിപഠിക്കേണ്ടിവരും.’’– മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വ്യക്തമാക്കി.
‘‘പേസർമാരെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ ബാബർ അസമിനേയും കെയ്ൻ വില്യംസണേയും മാതൃകയാക്കണം.’’– നാസർ ഹുസെയ്ൻ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍ 209 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. സ്കോർ: ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 469, രണ്ടാം ഇന്നിങ്സ് 8ന് 270 ഡിക്ലയേഡ്. ഇന്ത്യ ഒന്നാം ഇന്നിങ്സ് 296, രണ്ടാം ഇന്നിങ്സ് 234.
ഒന്നാം ഇന്നിങ്സിൽ സെഞ്ചറി (163) നേടിയ ഓസീസ് താരം ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഏകദിന, ട്വന്റി20 ട്രോഫികൾക്കൊപ്പം ടെസ്റ്റ് മെയ്സും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യയ്ക്കെതിരായ വിജയത്തോടെ ഓസീസ് സ്വന്തം പേരിലാക്കി. തങ്ങളുടെ 9–ാം ഐസിസി കിരീടമാണ് (5 ഏകദിന ലോകകപ്പ്, രണ്ട് ചാംപ്യൻസ് ട്രോഫി, ഒരു ട്വന്റി20 ലോകകപ്പ്, ടെസ്റ്റ് ചാംപ്യൻഷിപ് ) ഓവലിൽ ഓസ്ട്രേലിയ നേടിയത്.
ഇന്ത്യൻ ടീമിൽ 2 വർഷങ്ങൾക്കുള്ളിൽ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രവചിച്ച് സുനിൽ ഗവാസ്കർ. നിലവിൽ ഇന്ത്യൻ ടീമിലുള്ള സീനിയർ താരങ്ങളോക്കെയും രണ്ടു വർഷങ്ങൾ കഴിഞ്ഞ് ടീമിലുണ്ടാകില്ല എന്നാണ് സുനിൽ ഗവാസ്കർ പ്രതീക്ഷിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ദയനീയമായ രീതിയിൽ പരാജയമറിഞ്ഞ ശേഷമാണ് സുനിൽ ഗവാസ്കർ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയമറിയുന്നത്. ഇതിനുശേഷം ഇന്ത്യൻ ടീമിൽ വലിയ രീതിയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സുനിൽ ഗവാസ്കർ കരുതുന്നത്.
ഒരു പക്ഷേ രണ്ടു വർഷങ്ങൾക്കുശേഷം ഇപ്പോഴുള്ള സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ, അവർ അത്ഭുതകരമായ പ്രകടനങ്ങൾ തന്നെ കാഴ്ചവയ്ക്കേണ്ടി വരും എന്നാണ് സുനിൽ ഗവാസ്കറിന്റെ വിലയിരുത്തൽ. “രണ്ടു വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോൾ ടീമിൽ കളിക്കുന്ന സീനിയർ കളിക്കാരിൽ കൂടുതൽ പേരും ടീമിലുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അക്കാര്യം എനിക്ക് ഉറപ്പാണ്. ഇനി 2 വർഷങ്ങൾക്കുശേഷവും അവർ ടീമിൽ നിൽക്കുകയാണെങ്കിൽ അത് എന്നെ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യമായിരിക്കും. അത് അതിശയകരമായി മാത്രമേ ഞാൻ കാണുകയുള്ളൂ. കാരണം ഇനിയും അവർക്ക് ടീമിൽ തുടരണമെങ്കിൽ അത്ഭുത പ്രകടനങ്ങൾ കാഴ്ചവയ്ക്കേണ്ടതുണ്ട്.”- ഗവാസ്കർ പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീം മാറ്റങ്ങൾക്ക് വിധേയമാകണമെന്ന അഭിപ്രായവും സുനിൽ ഗവാസ്കർ മുൻപിലേക്ക് വയ്ക്കുന്നു. മാറ്റങ്ങൾ സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കേണ്ടതുണ്ട് എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “50 ഓവർ മത്സരമോ ഇരുപതോവർ മത്സരമോ ടെസ്റ്റ് ക്രിക്കറ്റോ ആയിക്കോട്ടെ. ഏതു ഫോർമാറ്റിലാണെങ്കിലും മാറ്റങ്ങൾ നമ്മൾ അംഗീകരിക്കണം. മാറ്റങ്ങൾക്ക് തയ്യാറെടുക്കണം എന്നാണ് ഞാൻ കരുതുന്നത്. അത് സംഭവിച്ചാൽ മാത്രമേ മുൻപോട്ട് പോക്ക് ഉണ്ടാവുകയുള്ളൂ.”- സുനിൽ കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ ദയനീയമായ പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ 209 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയത്തോടെ ലഭിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ കീഴടങ്ങുന്നത്. ഇനിയും ഇത്തരം ഒരു അവസരം വന്നെത്താതിരിക്കാനുള്ള പ്രയത്നത്തിൽ തന്നെയാണ് ഇന്ത്യൻ ടീം.