കൊച്ചി സെന്‍ട്രല്‍ പൊലീസിന്റെ മിന്നല്‍ നീക്കം;ലൈംഗിക അതിക്രമം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച്, ബംഗാളി നടിയുടെ പരാതിയിൽ രക്ഷപ്പെട്ട രഞ്ജിത്ത് ഒടുവിൽ കുടുങ്ങി

കൊച്ചി: സിനിമാ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍. ലൈംഗിക പീഡന പരാതിയിലാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. യുവ നടിയുടെ പരാതിയാണ് അറസ്റ്റിന് ആധാരം. നേരത്തെ ബംഗാളി നടിയുടെ പരാതിയും, മറ്റൊരു പ്രകൃതി വിരുദ്ധ പീഡന പരാതിയും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ ഒത്തുതീര്‍പ്പായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. മുമ്പ് ലഭിച്ച പരാതിയില്‍ എറണാകുളം റേഞ്ച് ഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അറസ്റ്റ്. ഫോര്‍ട്ട് കൊച്ചി അടിസ്ഥാനമാക്കി യുവനടി നല്‍കിയ പരാതിയില്‍ രഹസ്യമൊഴി എടുത്ത ശേഷമാണ് തുടര്‍ നടപടികളിലേക്ക് കടന്നത്. ഡിജിപിക്ക് നല്‍കിയ പരാതി സിറ്റി കമ്മീഷണര്‍ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. രണ്ടുദിവസം മുന്‍പ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണു രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. കേസെടുത്തതും തുടര്‍നടപടികളും അതീവ രഹസ്യമായാണ് നടത്തിയത്.

രഞ്ജിത് നിലവില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ലൈംഗിക അതിക്രമമെന്നാണ് സൂചന. സെറ്റില്‍ വച്ച് നടിയെ കയറിപ്പിടിച്ചു എന്നാണ് വിവരം. രഞ്ജിത്ത് ഇപ്പോള്‍ തൊടുപുഴ സ്റ്റേഷനിലാണുള്ളത്. പിന്നീട് സെന്‍ട്രല്‍ പൊലീസിന് ഇദ്ദേഹത്തെ കൈമാറും.

ബി എന്‍എസ് 376 പ്രകാരം അതീവ രഹസ്യമായാണ് ഉദയംപേരൂര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയില്‍ വച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെ വളഞ്ഞ് പിടിക്കുകയായിരുന്നു. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എറണാകുളം കത്രക്കടവിലെ വീട്ടില്‍ രഞ്ജിത്തുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും, രഞ്ജിത് തന്റെ കാറില്‍ അവിടം വിട്ടുപോയിരുന്നു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ വച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News