കൊച്ചി:മരക്കാർ അറബിക്കടലിന്റെ സിംഹം'(Marakkar) പോലൊരു സിനിമ നമ്മുടെ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്(Jude Anthany Joseph). ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് താൻ മരക്കാർ കണ്ടതെന്നും ജൂഡ് പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം.
‘ഞാൻ ഒരു കടുത്ത ലാലേട്ടൻ ഫാനാണ് , ഞാനൊരു കടുത്ത പ്രിയദർശൻ ഫാനാണ് . ഒരുപാട് നെഗറ്റീവ് റിവ്യൂസ് കണ്ടിട്ടാണ് ഞാൻ മരക്കാർ കണ്ടത്. 90 ദിവസം കൊണ്ട് ഇതുപോലെ ഒരു സിനിമ ഷൂട്ട് ചെയ്ത പ്രിയൻ സാറിനൊരു ബിഗ് സല്യൂട്ട്. ഒരുസിനിമയെയും എഴുതി തോൽപ്പിക്കാൻ പറ്റില്ല. എന്നാലും അതിനു ശ്രമിക്കുന്ന ചേട്ടന്മാരോട് ഒരു കാര്യം മാത്രം പറയാം. ഇത് പോലൊരു സിനിമ നമ്മുടെ അഭിമാനമാണ് . ചെറിയ ബഡ്ജറ്റിൽ അത്ഭുതങ്ങൾ കാണിക്കാൻ ഇനിയും മലയാള സിനിമക്ക് കഴിയട്ടെ’, എന്ന് ജൂഡ് ആന്റണി കുറിച്ചു.
വ്യാഴാഴ്ച പുലർച്ചെ 12മണിക്കാണ് മരക്കാർ തിയറ്ററുകളിൽ റിലീസായത്. ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരെ മോശം പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്ന് അണിയറക്കാരില്‍ ചിലരും പ്രേക്ഷകരില്‍ ഒരു വിഭാഗവും ആരോപിച്ചിരുന്നു. അതേസമയം ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരെയും പ്രിയദര്‍ശന്‍ സംസാരിച്ചിരുന്നു. ആദ്യദിനം ലോകമാകെ 16,000 പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിന്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.