സാമൂഹ്യനീതി വകുപ്പിന് വയോജനക്ഷേമ സന്ദേശവുമായി ജോര്‍ദാനില്‍ നിന്ന് പ്രശസ്ത സംവിധായകന്‍ ബ്ലെസി അയച്ച സന്ദേശം വൈറലാകുന്നു. മുതിര്‍ന്നവരെ ഏറെ കരുതലോടെ നോക്കേണ്ട കാലമാണിത് എന്നും അവരുടെ സംരക്ഷണത്തിനായി അഹോരാത്രം യത്നിക്കുന്ന സര്‍ക്കാരും സാമൂഹ്യനീതി വകുപ്പും ആരോഗ്യ പ്രവര്‍ത്തകരും മറ്റ് വകുപ്പുകളും ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
വളരെ ചെറുപ്പത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട തനിക്ക് മാതാപിതാക്കളുടെ വിടവ് ഏറെ അനുഭവപ്പെടാറുണ്ടെന്നും താന്‍ പ്രായമായവരെ കാണുന്ന സന്ദര്‍ഭങ്ങളില്‍ അവരോട് കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ അനുഭവപാഠങ്ങള്‍ ഉള്‍കൊള്ളാനും ശ്രമിക്കാറുണ്ടെന്നും ബ്ലെസ്സി പറഞ്ഞു.
കോവിഡ് കാലത്ത് കുട്ടികള്‍ക്ക് എന്നപോലെ മുതിര്‍ന്നവരെയും മാതാപിതാക്കളെയും പരിപാലിക്കണം. ശൈശവത്തിലേക്ക് തിരിച്ചു പോകുന്ന അവസ്ഥ അതാണ് വാര്‍ധക്യം. മക്കളുടെ സഹായം മുതിര്‍ന്നവര്‍ക്ക് വേണ്ടത് ഈ സമയത്താണ്. മുതിര്‍ന്നവരെ സംരക്ഷിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരുത്വം. അതിലും വലിയ ഈശ്വരാരാധന വേറെയില്ല-ബ്ലെസി പറഞ്ഞു.
കേരള സര്‍ക്കാരും സാമൂഹ്യനീതിവകുപ്പും മറ്റു വകുപ്പുകളും മുതിര്‍ന്നവരുടെ ക്ഷേമത്തിനായി യത്നിച്ചു ക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് പ്രായമായവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. സമീപത്തുള്ള പ്രായമായവരെയും മുതിര്‍ന്നവരെയും സ്നേഹിക്കാനും ശുശ്രൂഷിക്കാനും ഈ കാലഘട്ടത്തില്‍ നമുക്ക് ലഭിക്കുന്ന അവസരം ഏറ്റവും വലിയ ഭാഗ്യമായി കരുതണം എന്നും ബ്ലെസി ഓര്‍മിപ്പിക്കുന്നു.
കേരള സര്‍ക്കാര്‍, ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, കുടുംബശ്രീ വിഭാഗക്കാര്‍ എന്നിവയെല്ലാം സംയുക്തമായി ജില്ലയില്‍ വയോജന സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടന്നും, ജില്ലയില്‍ കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെയും വനിതാ ശിശുക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ വയോജന സെല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാകളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. സാമൂഹികപ്രതിബദ്ധതയുള്ള ഇത്തരം നല്ല സന്ദേശങ്ങള്‍ സമൂഹത്തില്‍ വെളിച്ചം പകരും എന്നും അത് വയോജനക്ഷേമത്തിന് സഹായകരമാകുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.