കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹര്‍ജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. ദിലീപും സഹോദരന്‍ അനൂപും ഉള്‍പ്പടെ അഞ്ച് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടിയത്.
കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ് എടുത്തത്.