ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ ആരംഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.
തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. വിചാരണ അന്തിമഘട്ടത്തിലാണ്, ഹര്‍ജിയുമായി മുന്നോട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. 2020ലാണ് ഹര്‍ജി നല്‍കിയത്.
നേരത്തെ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താനും ഇരയാണെന്നും പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.
ഇരുനൂറിലധികം സാക്ഷികളെ വിസ്തരിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. കൊവിഡ് പശ്ചാത്തലത്തിലാണ് കേസിന്റെ വിധി നീണ്ടുപോയത്. വിചാരണ പൂര്‍ത്തിയാക്കി ആറ് മാസത്തിനകം വിധി പറയണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കേസ് കോവിഡ് സാഹചര്യം മൂലം വൈകുകയായിരുന്നു.<