ഡല്‍ഹിയില്‍ 10 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ജാഗ്രത നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കേന്ദ്രആരോഗ്യമന്ത്രി സത്യേന്ദ്രര്‍ ജെയ്ന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയില്‍ മാത്രം 20 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 10 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 97 ആയി ഉയര്‍ന്നു.
മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, കേരളം, തെലുങ്കാന, പഞ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത കോംഗോയില്‍നിന്നു കൊച്ചിയില്‍ എത്തിയ യുവാവിന് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയംനിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
കോംഗോയില്‍ നിന്ന് എത്തിയ ഉദയംപേരൂര്‍ സ്വദേശിക്കു കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ചു സ്വയം നിരീക്ഷണമാണ് അനുവദിച്ചത്. ഇദ്ദേഹം ഒട്ടേറെ ആളുകള്‍ എത്തുന്ന ഷോപ്പിങ് മാളിലും റസ്റ്ററന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. അതിനാല്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക വലുതാണ്. സമ്പര്‍ക്കപ്പട്ടിക തയാറാക്കല്‍ പുരോഗമിക്കുന്നു. റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.
പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 2 പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഏറ്റവും അടുത്ത സമ്പര്‍ക്കത്തിലുള്ളവരായിരുന്നു ഇവര്‍. ഒരാള്‍ സഹോദരനും മറ്റേയാള്‍ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോയ ആളുമാണ്. ഇരുവരും 7 ദിവസം നിരീക്ഷണത്തിലായിരിക്കും.